‘എങ്ങും ഭയാനക അന്തരീക്ഷം’; ജെൻ സി പ്രക്ഷോഭത്തിൽ ‘കുടുങ്ങിയ’ മലയാളി യാത്രാസംഘം പറയുന്നു
text_fieldsനേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികളുടെ സംഘം
മുക്കം: ഞായറാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള സംഘം യാത്രതിരിക്കുന്നത്. ബസ് മാർഗം ബംഗളൂരുവിലെത്തിയ സംഘം തിങ്കളാഴ്ച പുലർച്ച അഞ്ചു മണിക്കുള്ള ഫ്ലൈറ്റിൽ എട്ടുമണിയോടെ നേപ്പാളിലെത്തി. ആദ്യ ദിവസം കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് മുക്കത്തെ വ്യാപാരിയും പൊതു പ്രവർത്തകനുമായ ബക്കർ കളർ ബലൂൺ ‘മാധ്യമ’ത്തോട് പറഞ്ഞു. ചൊവ്വാഴ്ച പൊക്രാനിലേക്ക് പോകുന്നതിനായുള്ള യാത്രക്കിടെയാണ് കാഠ്മണ്ഠുവിന് സമീപത്തുവെച്ച് കലാപകാരികൾ ബസ് തടഞ്ഞ് യാത്ര തടസ്സപ്പെടുത്തിയത്. ഇതോടെ 11 മണി മുതൽ മൂന്നുമണി വരെ പെരുവഴിയിൽ കുടുങ്ങുകയായിരുന്നു.
ഈ സമയം നിരവധി സർക്കാർ ഓഫിസുകളാണ് തങ്ങളുടെ കൺമുന്നിൽ വെച്ച് യുവാക്കളടക്കമുള്ള പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയതെന്ന് ബക്കർ പറഞ്ഞു. റോഡിലാകെ ടയർ കൂട്ടിയിട്ട് കത്തിക്കുന്ന ഭീകരമായ അവസ്ഥ. എങ്ങും ഭയാനക അന്തരീക്ഷം. പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുപോലും യാതൊരു രക്ഷയും ആദ്യമുണ്ടായില്ല. അവരും നിസ്സഹായരായിരുന്നു. ജീവനോടെ നാട്ടിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബക്കർ പറഞ്ഞു. പ്രദേശത്ത് രാത്രി വൈകിയും കലാപം തുടരുകയാണ്.
സമൂഹമാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആരംഭിച്ചതോടെ 40 അംഗ മലയാളി വിനോദസഞ്ചാരികളാണ് യാത്രാമധ്യേ കുടുങ്ങിയത്. മലയോര മേഖലയിൽനിന്ന് കോഴിക്കോട്ടെ ഒരു ടൂറിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പോയ സംഘമാണ് കുടുങ്ങിയത്. കോഴിക്കോട് മുക്കം, കൊടിയത്തൂർ, കൊടുവള്ളി എന്നിവിടങ്ങളിൽനിന്നുള്ളവരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരുമാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിന് സമീപമുള്ള ഗോശാലയിലാണ് ഇവര്‍ നിലവിലുള്ളത്. റോഡിൽ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവര്‍ക്ക് മുന്നോട്ടുപോകാനായിട്ടില്ല. താൽക്കാലികമായി ഇവരെ ഒരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം നേപ്പാളിലേക്ക് പോയത്. പൊലീസ് ഇടപെട്ടു പുറത്തിറങ്ങരുതെന്ന നിർദേശം നൽകി ഹോട്ടൽ മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. അതിനിടെ, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും നേപ്പാളിലെ ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

