മലയാളത്തിന്റെ സാനു മാഷ് ഇനി ഓർമ; ഔദ്യോഗിക ബഹുമതിളോടെ സംസ്കരിച്ചു
text_fieldsപ്രഫ.എം.കെ സാനുവിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു
കൊച്ചി: എഴുത്തും പ്രഭാഷണവും അധ്യാപനവുമായി മലയാള സാഹിത്യ-സാംസ്കാരിക ലോകത്തെ ആറുപതിറ്റാണ്ടുകാലം സമ്പന്നമാക്കിയ സാനുമാഷ് ഇനി ഓർമ. ശനിയാഴ്ച വൈകീട്ട് അന്തരിച്ച മലയാളത്തിന്റെ മഹാഗുരു പ്രഫ. എം.കെ സാനുവിന് ഞായറാഴ്ച സായാഹ്നത്തോടെ സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ കേരളം യാത്രാമൊഴി നൽകി. വൈകുന്നേരം നാല് മണിയോടെ രവിപുരം ശ്മാശാനത്തിൽ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, സാഹിത്യ-സാംസ്കാരിക പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ മലയാളത്തിന്റെ ഗുരുവര്യന് അന്തിമോപചാരം അർപ്പിച്ചു.
പ്രഫ. എം.കെ സാനുവിന്റെ മൃതദേഹത്തിൽ കെ.സി വേണുഗോപാൽ എം.പി അന്തിമോപചാരം അർപ്പിക്കുന്നു
രാവിലെ വീട്ടിലും തുടർന്ന് എറണാകുളം ടൗൺഹാളിലുമായി നടന്ന പൊതുദർശന ചടങ്ങിൽ നൂറുകണക്കിനുപേരാണ് സാനുമാഷെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്. അവധി ദിവസമായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശിഷ്യ ഗണങ്ങളും ഗുരുനാഥനരികിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, ആർ. ബിന്ദു, വി.എൻ വാസവൻ, എം.ബി രാജേഷ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കൊച്ചി മേയർ അനിൽ കുമാർ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബുർറഹ്മാൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ അന്തിമോപചാരമർപ്പിക്കുന്നു
വീഴ്ചയെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.കെ സാനു ശനിയാഴ്ച വൈകുന്നേരം 5.35നായിരുന്നു മരിച്ചത്. ഞായറാഴ്ച രാവിലെ എറണാകുളം കാരിക്കാമുറിയിലെ വസതിയായ ‘സന്ധ്യയിൽ’ എത്തിച്ച ശേഷം, 10 മണിക്കു ശേഷമാണ് ടൗൺഹാളിൽ പൊതുദർശനത്തിനായി എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

