മലയാളം ആരെയും അടിച്ചേൽപ്പിക്കുകയില്ല, ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നും ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.
ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ലെന്നും എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന സംസ്ഥാനമാണ് കേരളമെന്നുമാണ് ഭാഷാ ബില്ലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചത്.
‘മലയാള ഭാഷാ ബിൽ 2025’ എന്ന പേരിൽ സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലിയാണ് കേരളവും കർണാടകവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ബിൽ കാസർക്കോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ അടിച്ചമർത്തുന്ന ഇത്തരമൊരു നീക്കം കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിൽനിന്ന് പ്രതീക്ഷിച്ചതല്ല. പ്രത്യേകിച്ച് കാസർകോട് ഉൾപ്പെടെ കേരള-കർണാടക അതിർത്തി ജില്ലകളിൽ താമസിക്കുന്ന കന്നടിഗർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം ഇതോടെ നഷ്ടപ്പെടുമെന്നും സിദ്ധരാമയ്യ ആശങ്ക ഉന്നയിച്ചു.
സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരം -മന്ത്രി
പാലക്കാട്: മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരമെന്ന് മന്ത്രി എം.ബി. രാജേഷ്. മലയാള ഭാഷ അടിച്ചേൽപിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എന്നാൽ, ഭാഷ ന്യൂനപക്ഷ ബില്ലിൽ അങ്ങനെയില്ലെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. കേരള നിയമസഭ ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയത്. സംഘ്പരിവാറിനെപ്പോലെ കോൺഗ്രസും വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ബുൾഡോസർരാജിൽ വീട് തകർത്തതിൽ കേരളം പ്രതികരിച്ചതിന്റെ പ്രതികാരമാണിതെന്നും മന്ത്രി പറഞ്ഞു.
സിദ്ധരാമയ്യ പ്രസ്താവന പിൻവലിക്കണം. ശബരിമല അന്വേഷണത്തെ സംബന്ധിച്ച് സർക്കാർ ഒന്നു പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് എന്തിന് ബേജാറാകുന്നുവെന്നും മന്ത്രി ചോദിച്ചു. പാരഡി പാടിയതിന്റെ ആവേശം കോൺഗ്രസിന് ഇപ്പോൾ കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

