Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപം; പോസ്റ്റ് പങ്കുവെച്ച ഗവേഷകന് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപം; പോസ്റ്റ് പങ്കുവെച്ച ഗവേഷകന് കാരണം കാണിക്കൽ നോട്ടീസ്
cancel
camera_alt

ഓ.കെ. മുഹമ്മദ് റിയാസ്, സർവകലാശാല നോട്ടീസ്

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി അധ്യാപകരിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ട സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച ഗവേഷകന് കാരണം കാണിക്കൽ നോട്ടീസ്. തുടർച്ചയായി വിവേചനങ്ങൾ നേരിട്ടതിനെ തുടർന്ന് അധ്യാപകർക്കെതിരെയാണ് വിദ്യാർഥിനി പരാതിയുമായി രംഗത്ത് വന്നിരുന്നത്. പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയാണ് പരാതി ഉന്നയിച്ചത്. അന്നത്തെ ഡയറക്ടർ ആയിരുന്ന ഡോ.അരുൺ ബാബു, ഡോ.ജൈനി വർഗീസ് എന്നിവർക്കെതിരെയായിരുന്നു പരാതി. ഡോ.അരുൺ ബാബു ക്ലാസുകളിൽ വെച്ച് ജാതി പറയിപ്പിക്കുകയും ഫെല്ലോഷിപ്പ് കിട്ടിയത് ജാതി കാരണമാണെന്ന് അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. അരുൺ ബാബുവിന് പുറമെ ഡോ. ജൈനി വർഗീസും കൂടി ചേർന്ന് സർവകലാശാലയിലെ ലാബും ഉപകരണങ്ങളും വൃത്തിയാക്കിക്കുകയും വർഷങ്ങളായുള്ള പൊടിപിടിച്ച റെക്കോർഡുകളും ഡെസേർട്ടേഷൻസും തുടച്ചുവെപ്പിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. യൂണിവേഴ്സിറ്റി അധികാരികൾക്ക് പുറമെ റൂംമേറ്റിൽ നിന്നും കടുത്ത മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കുന്നു.

ജാതി വിവേചനങ്ങളും തൊഴിൽ ചൂഷണങ്ങളും ചൂണ്ടിക്കാണിച്ച് സർവകലാശാലയ്ക്ക് പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് അനഘ പൊലീസിൽ പരാതിപെടുന്നതും ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വരുന്നതും. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് വിദ്യാർഥിനിക്ക് പിന്തുണയുമായി പലരും രംഗത്ത് വന്നിരുന്നു. അതേസമയം, അനഘയുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് മലയാള സർവകലാശാലയിലെ തന്നെ ഒ.കെ മുഹമ്മദ് റിയാസ് എന്ന ഗവേഷക വിദ്യാർഥിക്കാണ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അനഘ ശശിയുടെ പരാതിയിൽ സർവകലാശാല കൃത്യമായ അന്വേഷണം നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സർവകലാശാല നടപടി ഒന്നും സ്വീകരിച്ചില്ല എന്ന് ആരോപിക്കുകയും സർവകലാശാലക്ക് അപകീർത്തിയുണ്ടാക്കുന്ന കാര്യങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണങ്ങൾ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 7 ദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

സർവകലാശാലയുടെ നോട്ടീസ് ജനാധിപത്യ വിരുദ്ധവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയൊരു അച്ചടക്കലംഘനമായി കാണാനാവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സർവകലാശാലക്ക് മറുപടി നൽകിയതായി മുഹമ്മദ് റിയാസ് ‘മാധ്യമം ഓൺലൈനി’നോട് പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ജാതി അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച ഗവേഷകന് കാരണം കാണിക്കൽ നോട്ടീസ്
Next Story