സംവിധായകൻ ഷാഫി അന്തരിച്ചു
text_fieldsകൊച്ചി: ഒരുപിടി ജനപ്രിയ ചലച്ചിത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസ്വാദകരുടെ മനസ് കീഴടക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഫി (56) അന്തരിച്ചു.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫിക്ക് കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച 12.30 ഓടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ കലൂർ മണപാട്ടിപ്പറമ്പ് കൊച്ചിൻ സർവിസ് സഹകരണ ഹാളിൽ പൊതുദർശനത്തിനുവെച്ചശേഷം വൈകീട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
1968 ഫെബ്രുവരി 18ന് എറണാകുളത്താണ് ജനനം. 1990കളുടെ മധ്യത്തിൽ സംവിധായകൻ രാജസേനനുമായും റാഫി-മെക്കാർട്ടിൻ ജോടിയുമായും സഹകരിച്ചാണ് ഷാഫി സിനിമ ജീവിതം ആരംഭിച്ചത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തുന്നത്. വർഷങ്ങൾക്ക് ശേഷവും സിനിമാ ആസ്വാദകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഹിറ്റ് തമാശ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ പിറന്നത്.
കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി, ചോക്കലേറ്റ് (2007), ലോലിപോപ്പ്(2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ, വെനീസിലെ വ്യാപാരി (2011), 101 വിവാഹങ്ങൾ (2012), ടു കൺട്രീസ് (2015), ഷെർലക് ടോംസ്(2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) എന്നിവ അദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. 2018ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യു.എസ്.എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.
മൂത്തോടത്ത് വീട്ടിൽ പരേതരായ ഹംസ-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറീൻ. റാഫി-മെക്കാർട്ടിൻ ജോടിയിലെ റാഫി, ഷാഫിയുടെ ജ്യേഷ്ഠനാണ്. അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

