കാളികാവ്: ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ലോക്ഡൗണിൽ ശക്തമായ സുരക്ഷാ പ്രവർത്തനം നടത്തുകയും ചെയ്ത് ശ്രദ്ധേയനായ കാളികാവ് എസ്.ഐ സി.കെ നൗഷാദിന് സ്ഥലം മാറ്റം.
ചുരുങ്ങിയ കാലംകൊണ്ട് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ലഹരിമാഫിയയുടെ കണ്ണിയറുക്കാൻ കഠിനശ്രമം നടത്തിയ നൗഷാദിന് പെരിന്തൽമണ്ണയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ടീമിൽ എസ്.ഐ ആയിരുണ നൗഷാദിെൻറ പ്രവർത്തനത്തെ നാട്ടുകാർ ഏറെ മതിപ്പോടെയാണ് കണ്ടിരുന്നത്. 2019 നവംബറിലാണ് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്. ഇരുടൗണുകളിലേയും ലഹരി വിൽപ്പനക്കാരെ പിടികൂടിയായിരുന്നു അരങ്ങേറ്റം.
കൃത്യനിർവഹണത്തിലെ കണിശതയും നിയമവിരുദ്ധമായ താൽപര്യങ്ങൾക്ക് വഴങ്ങാത്തതും കാരണം മൂന്ന് വർഷത്തെ സർവിസിൽ പത്തോളം സ്ഥലംമാറ്റങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
എസ്.ഐക്ക് ഉചിതമായ യാത്രയയപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് സന്നദ്ധ സംഘടനകൾ. അതിനിടെ, സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.