നിലമ്പൂർ: ആദ്യം തല കുടഞ്ഞ്, പിന്നീടുയർത്തി അൽപം അധികാരത്തോടെ ഗജവീരൻ അർജുനൻ പി.കെ. ബഷീർ എം.എൽ.എയുടെ കൈയിൽ നിന്ന് ഒരു കുല പഴം തുമ്പിക്കൈനീട്ടി വാങ്ങി. ലോക് ഡൗൺ കാലത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള നാട്ടാനകൾക്ക് സംസ്ഥാന സർക്കാരിെൻറ കൈതാങ്ങായി 40 ദിവസത്തെ ഭക്ഷണമാണ് നൽകുന്നത്.
ഒരു ദിവസം റേഷൻ കണക്കാക്കി ദിവസേന 400 രൂപ പ്രകാരം 40 ദിവസത്തേക്ക് 16,000 രൂപയുടെ ആഹാരമാണ് അർജുനനുള്ളത്. 120 കിലോ കുത്തരി, 160 കിലോ ഗോതമ്പ്, 120 കിലോ രാഗി, 20 കിലോ മുതിര, 16 കിലോ ചെറുപയർ, 500 ഗ്രാം മഞ്ഞൾപൊടി, അഞ്ച് കിലോ ശർക്കര, മൂന്ന് കിലോ ഉപ്പ് എന്നിവയാണ് മെനു. വൈലാശ്ശേരി അമ്പലമുറ്റത്ത് വെച്ചായിരുന്നു ആനയൂട്ടൽ.
ചാലിയാർ പഞ്ചായത്തിലെ ഇറക്കൽ ഷാജിമോെൻറതാണ് വൈലാശ്ശേരി അർജുനൻ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.വി. ഉമ, ഫോറസ്റ്റ് ഓഫിസർ ശശിധരൻ, വെറ്ററിനറി സർജൻ ഡോ. സജീവ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.