കൊളത്തൂർ (മലപ്പുറം): മൂർക്കനാട് സ്വദേശിയായ മത്സ്യവിൽപനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂർക്കനാട് പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെടുത്താൻ പഞ്ചായത്ത് ജാഗ്രത സമിതി നിർദേശം. ഒമ്പത്, 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന പള്ളിപ്പടി, കിളിക്കുന്ന്, പടിഞ്ഞാറ്റുംപുറം, വലിയപറമ്പ്, പൊട്ടച്ചോല, കൊടക്കുഴി, പൂഴിപ്പറ്റ, കല്ലുവെട്ട് കുഴി, പൊട്ടിക്കുഴി എന്നീ ഭാഗങ്ങളാണ് കണ്ടെയിൻമെൻറ് സോണിലാവുക.
ഈ പ്രദേശങ്ങളിൽ നിന്നായി 250ലേറെ പേർ ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ കടകളും ഹോട്ടലുകളും അടച്ചിട്ടു. പട്ടാമ്പി മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി വാഹനം ഉപയോഗിച്ച് വിൽപന നടത്തുന്ന വ്യക്തിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
ഇയാളിൽനിന്ന് മത്സ്യം വാങ്ങിയവരെ മഴുവൻ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. അവരുമായി സമ്പർക്കമുള്ളവരെ ദ്വിതീയ പട്ടികയിലും ഉൾപ്പെടുത്തും. ഇവരെല്ലാം 14 ദിവസം ക്വാറൻറീനിൽ പോകണം. രോഗബാധിതനുമായി മറ്റ് തരത്തിൽ സമ്പർക്കം ഉള്ളവരും വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുകയും ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ ആവശ്യപ്പെട്ടു.