മേലാറ്റൂർ (മലപ്പുറം): മൂനാടിയിൽ അയൽവാസികൾ തമ്മിൽ ഭൂമി സംബന്ധിച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.
എടപ്പറ്റ മൂനാടിയിലെ ചെറുതല വീട്ടിൽ കുഞ്ഞാപ്പൻ (60), ഭാര്യ കമലം (50), അയൽവാസി അരിമ്പ്രത്തൊടി മനോജ് (46) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കടയിൽനിന്ന് വരികയായിരുന്ന മനോജിനെ വാഹനം തടഞ്ഞുനിർത്തി അയൽവാസിയായ ചെറുതല വീട്ടിൽ കുഞ്ഞാപ്പൻ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചതായും മനോജിെൻറ കൈവിരൽ നഷ്ടമായതായും കൈക്കും കാലിനും പരിക്കേറ്റതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചെറുതല വീട്ടിൽ കുഞ്ഞാപ്പനെയും ഭാര്യ കമലത്തെയും വീടിന് സമീപത്തുെവച്ച് അരിമ്പ്രത്തൊടി മനോജ് കത്തികൊണ്ട് കുത്തുകയും ഇരുവർക്കും സാരമായ പരിക്കേറ്റതായും കുഞ്ഞാപ്പൻ നൽകിയ പരാതിയിൽ പറയുന്നു. മൂവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞാപ്പൻ, മനോജ് എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിന് മേലാറ്റൂർ പൊലീസ് കേസെടുത്തു.