വിദേശ ഓണ്‍ലൈന്‍ മാഗസിനുകളില്‍ അക്ഷരത്തിളക്കവുമായി ഡാലിയ
text_fieldsമങ്കട (മലപ്പുറം): അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലെ ഓണ്‍ലൈന്‍ മാഗസിനുകളില്‍ അക്ഷരത്തിളക്കത്തോടെ മലയാളി വിദ്യാർഥിനിയുടെ രചനകൾ. ഈ വര്‍ഷം പ്ലസ് ടു പൂര്‍ത്തിയാക്കിയ മങ്കട അരിപ്ര ചെണ്ണേന്‍കുന്നന്‍ മുഹമ്മദ് ശരീഫ്-സീനത്ത് ദമ്പതികളുടെ മകൾ ഡാലിയ ശരീഫാണ് സാമൂഹികപ്രതിബദ്ധതയുള്ള കവിതകളുമായി ശ്രദ്ധനേടിയത്.
ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ സി.ബി.എസ്.ഇ കലോത്സവങ്ങളില്‍ സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി ഇംഗ്ലീഷ് കവിതകളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ‘നാലു പെണ്മക്കളെ വളര്‍ത്തുന്നതില്‍ ഒരു ഇന്ത്യന്‍ പിതാവിെൻറ സാഹസികത’ വിഷയത്തില്‍ വന്ന ഡാലിയയുടെ ലേഖനം അമേരിക്കയിലെ ‘ദ സണ്‍’ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കൗണ്‍സിൽ ടൈംസ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നൽകുന്ന 2020ലെ ‘റൈറ്റര്‍ ഓഫ് ദ ഇയര്‍’ ബഹുമതിയും ലഭിച്ചു. ഡെല്‍ഹി സെൻറ് സ്റ്റീഫന്‍സ് കോളജില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നേടിയ ഡാലിയക്ക് സിവിൽ സർവിസിൽ പ്രവേശിക്കണമെന്നാണ് ആഗ്രഹം. രണ്ട് സഹോദരിമാർ ഡോക്ടര്‍മാരാണ്.