ദേശീയപാതയിലെ അപകട മരണം: കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കമെന്ന് സൂചന
text_fieldsകോട്ടക്കൽ: ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നിൽ കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കമെന്ന് സൂചന. വ്യാഴാഴ്ച രാത്രിയാണ് കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടിയിൽ ലിയാഖത്ത് അലിയുടെ മകൻ അബ്ദുറഹ്മാൻ (19) അപകടത്തിൽ മരിച്ചത്. ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ വ്യഴാഴ്ച രാത്രി പത്തിനാണ് അപകടം. കാറും ബുള്ളറ്റ് ബൈക്കുമായിരുന്നു അപകടത്തിൽപ്പെട്ടത്. ബുള്ളറ്റ് ഓടിച്ചിരുന്നത് അബ്ദുറഹ്മാനാണ്. കൂടെയുണ്ടായിരുന്ന എടരിക്കോട് അമ്പലവട്ടം സ്വദേശി താജുദ്ദീനാണ് പരിക്കേറ്റത്.
ചികിത്സക്ക് ശേഷം ഇയാളെ പറഞ്ഞുവിട്ടു. വാഹനത്തിന് സമീപത്തുനിന്ന് വടിവാൾ കണ്ടെത്തിയതാണ് അന്വേഷണം പുതിയ തലത്തിലേക്ക് മാറിയത്. അപകടത്തിൽ പരിക്കേറ്റ താജുദ്ദീൻ നിരവധി കേസിൽ ഉൾപ്പെട്ടയാളാണ്. ബൈക്കിലുള്ളവർ കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ചങ്കുവെട്ടി ഭാഗത്തുനിന്ന് ഒരേ ദിശയിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നതും റോഡിെൻറ എതിർവശത്തെ കെട്ടിടത്തിെൻറ മതിൽക്കെട്ട് തകർത്ത് നിൽക്കുന്നതിെൻറയും നിരീക്ഷണ കാമറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അബ്ദുറഹ്മാൻ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഇരു സംഘങ്ങളും കഞ്ചാവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാകാം അപകടത്തിലേക്ക് വഴിവെച്ചത് എന്നാണ് പൊലീസ് നൽകുന്ന സൂചന. സി.ഐ കെ.ഒ. പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിഭാഗം സർജൻ ഡോ. ത്വയ്ബ കൊട്ടേക്കാട്ടിൽ, അനൂപ്, ഷൈജു, വിരലടയാള വിദഗ്ധൻ സതീഷ് എന്നിവർ പരിശോധന നടത്തി. കാറിലുണ്ടായിരുന്നവരെ പറ്റി വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. അതേസമയം കോവിഡ് ഫലം വന്നശേഷമേ മൃതദേഹ പരിശോധന നടപടികൾ പൂർത്തിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
