കരുവാരകുണ്ട് (മലപ്പുറം): കർക്കിടക വാവിൽ തിമിർത്തു പെയ്ത മഴ കരുവാരകുണ്ടിൽ പുഴകളെ ഗതിമാറ്റി. ഒലിപ്പുഴയും കല്ലൻപുഴയുമാണ് മലവെള്ളപ്പാച്ചിലിൽ പലയിടത്തും ഗതിമാറിയത്. കൽകുണ്ട്, മാമ്പറ്റ, ചിറക്കൽകുണ്ട് എന്നിവിടങ്ങളിൽ വെള്ളം റോഡിനെയും മുക്കി.
മാമ്പറ്റയിലെ നാലകത്ത് മജീദ്, മൂത്താലി കുഞ്ഞിപ്പ, പോത്തുകാടൻ റംല, പോത്തുകാടൻ റഷീദ്, നെച്ചിക്കാടൻ വാപ്പുട്ടി, കാരാടൻ ഷൗകത്ത്, കാരാടൻ മാനു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. സമീപത്തെ നിരവധി വീടുകളുടെ മുറ്റത്തിലൂടെയാണ് പുഴ ഒഴുകിയത്. മാമ്പറ്റ പാലത്തിന് സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച പാർശ്വഭിത്തിയുടെ അശാസ്ത്രീയതയാണ് പുഴ കരകവിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചിറക്കൽകുണ്ട് ഖാൻഖാഹ് റോഡും വെള്ളത്തിൽ മുങ്ങി.
പാന്ത്ര ചെമ്പൻകാട്ടിലാണ് കല്ലൻ പുഴ കരകവിഞ്ഞത്. തോട്ടങ്ങളിലൂടെ പരന്നൊഴുകിയ പുഴ ഏറെനേരം ഭീതിയുണ്ടാക്കി. വർഷങ്ങൾക്ക് മുമ്പ് കാൽക്കോടി മുടക്കി ഇവിടെ പാലം നിർമിച്ചെങ്കിലും അപ്രോച്ച് റോഡ് പണിതിട്ടില്ല. കാലവർഷം കനത്തതോടെ ചെമ്പൻകാട് ഒറ്റപ്പെട്ട നിലയിലാണ്.
അങ്ങാടിച്ചിറ കവിഞ്ഞൊഴുകി. ചേറുമ്പ് ഇക്കോ വില്ലേജിലെ കുട്ടികളുടെ പാർക്ക് വെള്ളത്തിലായി. പുന്നക്കാട്ട് പുഴ കവിഞ്ഞതോടെ അംഗൻവാടി, ആയുർവേദ ആശുപത്രി, മോഡൽ ജി.എൽ.പി സ്കൂൾ എന്നിവയുടെ കോമ്പൗണ്ടുകളിൽ വെള്ളമെത്തി. രാത്രിയിലും മഴ തുടരുന്നതിനാൽ പുഴയോരത്തെ പല കുടുംബങ്ങളും മാറിത്താമസിച്ചിരിക്കുകയാണ്.