കരുവാരകുണ്ട്: കോവിഡ് കാലത്തെ സാമൂഹിക ജീവിതം കവിതയുടെ കാൻവാസിൽ വരച്ചിട്ട തൊഴിലുറപ്പ് തൊഴിലാളിയുടെ വരികൾ വൈറലായി. അരിമണൽ ബാലൻപടിയിലെ പട്ടകപ്പറമ്പിൽ ദേവകി എന്ന 61കാരിയാണ് സ്വന്തമായി എഴുതി അവതരിപ്പിച്ച കവിതയുമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. നിപ്പക്കും പ്രളയത്തിനും പിന്നാലെ മറ്റൊരു ദുരന്തമായി എത്തിയ കോവിഡിെൻറ നാൾവഴികൾ ഒന്നൊന്നായി കോർത്തുവെച്ചിട്ടുണ്ട് ‘കൊറോണയും മനുഷ്യനും’ എന്ന കവിതയിൽ. ഓർമയിൽ നിന്നെടുത്ത് മനോഹരമായി ആലപിക്കുന്നുണ്ട് ഇവർ.
ഇതിനകം നൂറുകണക്കിന് പേർ പോസ്റ്റ് പങ്കുവെച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കായി നടത്തിയ കവിത രചന മത്സരത്തിൽ ജില്ലതല വിജയിയായ ഇവർ ജില്ല കലക്ടറിൽനിന്ന് കാഷ് അവാർഡ് വാങ്ങിയിട്ടുണ്ട്. നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പരേതനായ അപ്പുണ്ണിയാണ് ഭർത്താവ്. നാലു മക്കളുണ്ട്. 12 വർഷം മുമ്പ് പണിത പൂർത്തിയാവാത്ത വീട്ടിൽ കഴിയുന്ന ദേവകിയുടെ ആശ്രയം തൊഴിലുറപ്പ് ജോലി മാത്രമാണ്.