എടക്കര: എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് നിര്‍മിക്കാന്‍ നടപടിയായി. എം.എല്‍.എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഇതിനായി അനുവദിക്കുമെന്ന് പി.വി. അന്‍വര്‍ എം.എൽ.എ അറിയിച്ചു. കെ.എന്‍.ജി റോഡിലെ കലാസാഗറില്നിന്നാരംഭിക്കുന്ന റോഡ് മേനോന്പൊട്ടിവഴി കാറ്റാടി റോഡില്‍ എത്തിച്ചേരുന്ന തരത്തിലാണ് ബൈപാസ് നിര്‍മിക്കുക.
രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡിന് എട്ട് മീറ്റര്‍ വീതിയാണുള്ളത്. ഒരു കിലോമീറ്റര്‍ നീളത്തില്‍ നിലവില്‍ ടാര്‍ റോഡുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം എട്ട് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
മണ്‍റോഡ് നിര്‍മാണം നാട്ടുകാരുടെ സഹകരണത്തോടെ ഉടന്‍ ആരംഭിക്കും. റോഡിന് സ്ഥലം വിട്ടുകിട്ടേണ്ട പ്രദേശം ശനിയാഴ്ച എം.എല്‍.എ സന്ദര്‍ശിച്ചു. സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, പി. മോഹനന്, ലോക്കല്‍ സെക്രട്ടറി അഡ്വ. യു. ഗിരീഷ് കുമാര്‍, പഞ്ചായത്തംഗം ഷൈനി പാലക്കുഴി, സന്തോഷ് കാപ്രാട്ട്, സോമന് പാര്ളി, കള്ളേങ്ങര അബ്ദുറഹ്മാന് എന്നിവരും സംബന്ധിച്ചു.