ഭരണപരിഷ്കാരങ്ങൾക്ക് അനുകൂല സമയം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ
text_fieldsമലപ്പുറം: വരാനിരിക്കുന്ന മൂന്ന് വർഷങ്ങൾ കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഭാവിക്ക് നിർണായകമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഈ കാലയ്‍വ് ഉപയോഗിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കുളങ്ങര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലപ്പുറം ജില്ല വിഭജനം ഉൾപ്പെടെയുള്ള അഞ്ച് പ്രധാന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്.
ഭരണപരമായ സൗകര്യത്തിനും ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും മലപ്പുറം പോലുള്ള വലിയ ജില്ലകൾ വിഭജിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറിച്ചു. ഒരു ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാകണം ഒരു ജില്ലയുടെ വിസ്തൃതിയെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
കേരളത്തിന്റെ ഉയർന്ന ആയുർദൈർഘ്യവും മെച്ചപ്പെട്ട ആരോഗ്യനിലവാരവും കണക്കിലെടുത്ത് പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് (കുറഞ്ഞത് 58 എങ്കിലും) ഉയർത്തണം. ഇത് സർക്കാർ മാനവശേഷിയുടെ ശരിയായ വിനിയോഗത്തിന് സഹായിക്കും. മലയാളം മീഡിയം പ്രൈമറി തലത്തിൽ പരിമിതപ്പെടുത്തണം.
യു.പി തലം മുതൽ ഇംഗ്ലീഷ് മീഡിയം സാർവത്രികമാക്കണം. ഇത് സമൂഹത്തിലെ വർഗ്ഗവിവേചനം ഇല്ലാതാക്കാൻ സഹായിക്കും. സ്കൂളുകളിലെ ഉദാരമായ എ പ്ലസ് വിതരണവും ഓൾ പാസ് സംവിധാനവും അവസാനിപ്പിക്കണം. കുട്ടികളുടെ അക്കാദമിക് നിലവാരം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ശാസ്ത്രീയമായ രീതിയിലേക്ക് ഗ്രേഡിങ് മാറണം.
വിനോദസഞ്ചാര മേഖലയെയും സേവന മേഖലയിലെ നിക്ഷേപങ്ങളെയും ആകർഷിക്കാൻ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അടുത്ത മൂന്ന് വർഷം കേരളത്തിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതിനാൽ രാഷ്ട്രീയമായ താൽക്കാലിക തിരിച്ചടികൾ ഭയക്കാതെ ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സബ് കലക്ടറുടെ ഈ നിർദ്ദേശങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രത്യേകിച്ച് മലപ്പുറം വിഭജനം പോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തിൽ ഒരു ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

