തെഹ്റാനിൽ പൊട്ടിത്തെറികൾക്ക് മധ്യേ മലപ്പുറം സ്വദേശികൾ; കുടുങ്ങിയത് ദുബൈയിൽ നിന്ന് ജോലിയുടെ ഭാഗമായി എത്തിയവർ
text_fieldsഅഫ്സൽ
വേങ്ങര: ബിസിനസ് ആവശ്യാർഥം ഇറാനിലെത്തിയ മലപ്പുറം ജില്ലക്കാരായ യുവാക്കൾ യുദ്ധത്തെത്തുടർന്ന് നാട്ടിലെത്താനാകാതെ കുടുങ്ങി. ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ കുടുങ്ങിയ എ.ആർ നഗർ ചെണ്ടപ്പുറായ സ്വദേശി ഈന്തുംമുള്ളൻ സൈതലവിയുടെ മകൻ അഫ്സൽ (38), കോട്ടക്കൽ സ്വദേശി മുഹമ്മദ് എന്നിവരാണ് സഹായം തേടുന്നത്. മെയ് 16 നാണ് അഫ്സൽ ദുബൈയിലേക്ക് പോയത്.
തുടർന്ന് ജോലിയുടെ ഭാഗമായി മുഹമ്മദിനോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ എത്തി. കഴിഞ്ഞ ഞായാറാഴ്ച ദുബൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഇറാനിൽ സംഘർഷം ആരംഭിച്ചത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടരാനാണ് ആവശ്യപ്പെട്ടതെന്ന് അഫ്സൽ പറഞ്ഞു.
ബിസിനസ് ഡെവലപ്മെന്റ് ഓഫിസറായി ദുബൈയിൽ ജോലി ചെയ്യുകയായിരുന്നു അഫ്സൽ. ബിസിനസ് ആവശ്യാർഥം രണ്ട് ദിവസത്തേക്കായിരുന്നു ഇറാൻ യാത്ര. തെഹ്റാനിലെ പാർസിൽ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച തിരികെ മടങ്ങാനിരിക്കെ തെഹ്റാനിൽ മിസൈൽ വർഷം ആരംഭിക്കുകയായിരുന്നെന്ന് അഫ്സൽ പറയുന്നു.
ഇതോടെ തെഹ്റാനിൽ ഗതാഗതതടസം നേരിടുകയും ഹോട്ടലിൽ കുടുങ്ങുകയുമായിരുന്നു. അതിനിടെ ഇന്ത്യൻ എംബസി ഓഫിസിൽ പോകാനിരിക്കെ നൂറ് മീറ്ററകലെ വൻ സ്ഫോടനമുണ്ടായി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്ന് അഫ്സൽ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ എല്ലാവരും ഓടി രക്ഷപ്പെടാൻ തുടങ്ങി. തൊട്ടടുത്ത് തന്നെയുള്ള ഭൂഗർഭ മെട്രോയിൽ എത്തിയതോടെയാണ് സുരക്ഷിതരായത്.
മിസൈൽ വർഷത്തിന് പിന്നാലെ തെഹ്റാനിൽ മുന്നറിയിപ്പ് നൽകുക കൂടി ചെയ്തതോടെ ഭീതിയുടെ നിമിഷങ്ങളായിരുന്നു. മിസൈൽ തൊട്ടടുത്ത ഇടങ്ങളിൽ പതിക്കുന്നതിന്റെ ശബ്ദവും വെളിച്ചവും. ഇന്ത്യൻ എംബസിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവിടെ തന്നെ സുരക്ഷിതമായിരിക്കൂവെന്നായിരുന്നു മറുപടി.
എന്നാൽ, അവിടെ തുടരുന്നത് അപകടമായതോടെ കുടുംബസമേതം മറ്റൊരിടത്തേക്ക് പോകുന്ന സുഹൃത്തിനൊപ്പം തിങ്കളാഴ്ച പുലർച്ചെ നാലോടെ യസ്ദിലേക്ക് പുറപ്പെട്ടു. പത്ത് മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം യസ്ദിലെത്തി. പൈതൃക നഗരമായതിനാൽ നിലവിൽ ഇവിടം സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

