താഴേക്കുനോക്കാതെ ഉയർത്തിയ പാത
text_fieldsകൂരിയാട്ട് ദേശീയ പാത ഇരുന്നുപോയപ്പോൾ, വശങ്ങളിലെ ദുർബലമായ വയൽ പ്രദേശം ഉയർന്നു വന്ന നിലയിൽ.
ഭൂമിയുടെ ദുർബലതയാണ് ഇത് തെളിയിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. (വിശദ സ്കെച്ച് താഴെ)
ദേശീയ പാത കൂരിയാട്ട് മണ്ണിട്ടുയർത്തി നിർമിച്ച റോഡിന്റെ ലോഡ് താങ്ങാനാകാതെ ഭൂമി കീഴ്പ്പോട്ട് ഇരുന്നു പോവുകയായിരുന്നു. അതിന്റെ സമ്മർദത്താൽ പാടശേഖരത്തിന്റെ മറ്റൊരു ഭാഗത്ത് ഭൂമി ഉയർന്നുപൊങ്ങിവന്നത് ഭൂമിയുടെ ദുർബലതയുടെ തെളിവാണ്
മനുഷ്യർ മരിച്ചില്ലെന്ന് കരുതി, ദേശീയപാത (NH- രാമനാട്ടുകര വളാഞ്ചേരി റീച്ച്) നിർമാണ തകരാർ കാരണം കൂരിയാട്ട് തകർന്നത് ചെറുതായി കാണരുത്. കാരണം, ഗൗരവതരമായ എൻജിനീയറിങ് ഡിസൈൻ വീഴ്ചയാണ് അവിടെ സംഭവിച്ചത്. കേരളത്തിലെ തീരെ ദുർബലമായ, പാടശേഖരങ്ങൾ നിറഞ്ഞ പ്രദേശത്ത് 10 മീറ്ററിലധികം ഉയരത്തിൽ ( High embankment) റോഡ് നിർമിതി ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) ഇതുസംബന്ധമായ കൃത്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഉയർന്ന വീതിയുള്ള റോഡ് അഞ്ചു മീറ്ററിലധികം മണ്ണിട്ട് ഉയർത്തുമ്പോൾ പഴയകാല പിരമിഡ് മാതൃകയിലുള്ള ചരിവ് കൊടുത്തല്ല ഇപ്പോൾ നിർമിക്കുന്നതെന്നത് ശരിയാണ്. ഇവിടെ ചെയ്തിരിക്കുന്ന ആധുനിക രീതിയിലുള്ള റീഇൻഫോഴ്സ്ഡ് എർത്ത് വാൾ (RE Wall) ഡിസൈൻ വിദേശ രാജ്യങ്ങളിലടക്കം ഇന്ന് വിജയകരവും സുരക്ഷിതവുമായി ഉപയോഗിക്കുന്നുവെന്നത് വാസ്തവവുമാണ്.
റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ അളവ് കുറക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. മണ്ണ് അടുക്കുകളായി ഉറപ്പിച്ച് (compaction) അതിലെ ഓരോ അടുക്കിലും ജിയോസിന്തറ്റിക് ഫൈബർ മാറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയാൽ പതിനഞ്ച് മീറ്ററിലധികം ഉയരത്തിൽ റോഡുകൾ നിർമിക്കാം. പക്ഷേ, ഇത്ര വലിയ സമ്മർദം താങ്ങാനുള്ള കരുത്ത് താഴെയുള്ള ഭൂമിക്കുണ്ടാകണം എന്നുമാത്രം. അത് തിരിച്ചറിയാൻ ആധുനിക രീതിയിൽ വിവിധ പരിശോധനകളുണ്ട്. ഇതൊക്കെ ചെയ്യേണ്ടവർ കാര്യങ്ങൾ ചെയ്തുവോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
കൂരിയാട് സംഭവിച്ചതും High Embankment failure ആണെന്ന് വിലയിരുത്തേണ്ടി വരും. മണ്ണിട്ട് ഉയർത്തി നല്ല ഫിനിഷിങ്ങിൽ റോഡ് നിർമിച്ചുവെങ്കിലും അതിനെ താങ്ങാനുള്ള കരുത്ത് താഴെയുള്ള സ്വാഭാവിക വയൽ പ്രദേശത്തിന് ഉണ്ടായിരുന്നില്ല. അഥവാ Safe bearing Capacity തെറ്റായി അനുമാനിച്ച് ഡിസൈൻ ചെയ്തുവെന്ന് ചുരുക്കം.
അതായത്, മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡിന്റെ ലോഡ് താങ്ങാനാകാതെ ഭൂമി കീഴ്പ്പോട്ട് ഇരുന്നു പോവുകയായിരുന്നു. അതിന്റെ സമ്മർദത്താൽ പാടശേഖരത്തിന്റെ മറ്റൊരു ഭാഗത്ത് സ്പോഞ്ച് പോലെ ഭൂമി ഉയർന്നു പൊങ്ങിവന്നത് ഇതിന്റെ തെളിവാണ്. ഇങ്ങനെ ഇരുന്നുപോകുമ്പോൾ, തൊട്ടടുത്ത അതീവ ദുർബല പ്രദേശത്ത് ഇതുപോലെ ഉയർച്ച സംഭവിക്കും.
ഇത് മുന്നിൽക്കണ്ട് അത്തരം സ്ഥലങ്ങളിൽ സർച്ചാർജ് കൊടുത്ത് നിർമിതിയെ ബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ഇന്നുണ്ട്. പക്ഷെ, അവിടെയും ചോദ്യം, ആരൊക്കെ ഇത് വേണ്ടവിധം പരിശോധിക്കുന്നുവെന്നതാണ്. ആവർത്തിക്കപ്പെടുന്ന ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ, നിർമാണ കരാർ കമ്പനിയെ തന്നെ ഡിസൈൻ ഉത്തരവാദിത്തവും ഏൽപിക്കുന്ന പുതിയ രീതിയും EPC(Engineering procurement and construction) പുനഃപരിശോധിക്കപ്പെടണം.
ഉടമ എന്ന രീതിയിൽ നാഷനൽ ഹൈവേ അതോറിറ്റി, റോഡ് നിർമാണത്തിന്റെ സ്കോപ്പ് അവതരിപ്പിക്കുക മാത്രമാണ് ടെൻഡർ നടപടികളിൽ ചെയ്യുന്നത്. ഒരു പ്രദേശത്ത് ഇത്ര വാഹന സാന്ദ്രതയുണ്ടെന്നും അതിനാവശ്യമായ ഇത്രവരി പാത നിർമിക്കണമെന്നു മാത്രമാണ് ചുരുക്കി പ്പറഞ്ഞാൽ സ്കോപ്പിൽ പറയുക. ഡിസൈനും നിർമാണ ഗുണനിലവാരം ഉറപ്പുവരുത്തലുമൊക്കെ കരാറുകാരൻ സ്വന്തം നിലയിൽ ചെയ്യണം.
ഉടമയും കരാറുകാരനുമിടയിൽ ഒരു സ്വതന്ത്ര കൺസൽട്ടിങ് ഏജൻസിയെ കൂടി ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവരും ഒരു സ്വകാര്യ ഏജൻസിയാണ് എന്നോർക്കണം. പതിനഞ്ച് വർഷം വരെ നിർമാണത്തിന്റെ ഉത്തരവാദിത്തം കരാറുകാരുടെ ബാധ്യതയാണെന്ന ഗുണം ഈ സംവിധാനത്തിൽ ഉണ്ടെന്ന് വാദിച്ചാലും, അപകടം സംഭവിച്ചാൽ ബാധിക്കുക പൗരന്മാരെ ആയിരിക്കുമെന്നോർക്കണം.
ആദ്യകാലങ്ങളിൽ കേരളത്തിൽ ദേശീയപാത നിർമിക്കുമ്പോൾ അതിന്റെ സൂപ്പർ വിഷൻ ചുമതല കേരള പി.ഡബ്ല്യു.ഡിക്ക് നൽകിയിരുന്നു. ഇന്നിപ്പോൾ അതിനൊന്നും പ്രസക്തിയില്ലാത്തതുകൊണ്ട് ഒരു ചീഫ് എൻജിനീയർ ഉൾപ്പെടെ ഉണ്ടായിരുന്ന ആ സെക്ഷനൊക്കെ അടച്ചുപൂട്ടി. എൻ. എച്ചിന്റേതാകട്ടെ, സ്റ്റേറ്റ് പി. ഡബ്ല്യു.ഡി യുടേതാകട്ടെ സർക്കാർ ഏജൻസികളൊക്കെ വെറും കാഴ്ചക്കാരായി മാറി.
ദേശീയ പാത 66 കൂരിയാട് ഇടിഞ്ഞ ഭാഗം
● കൂരിയാട് ഹൈവേ ഭാഗത്തിന്റെ ഇരുവശ ഭിത്തികളും ഏകദേശം 10 മീറ്റർ ഉയരത്തിൽ ഇന്റർലോക്ക് ടൈൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ‘നികത്ത് മണ്ണി’ന്റെ ഭാരം ഇതിലേക്ക് വരാത്ത ഡിസൈനാണ് ഈ RE വാളിന്റേത്.
● നികത്ത് മണ്ണ് നല്ല രീതിയിൽ ഉറപ്പിച്ച് ഓരോ തട്ടും തമ്മിൽ ജിയോ സിന്തറ്റിക് ഫൈബർ മാറ്റ് വെച്ച്, ഇഴ തുന്നി ചേർത്ത പോലെ ബലപ്പെടുത്തുന്നു. അപ്പോൾ ഇന്റർലോക് ടൈലിന് വശങ്ങളിലെ സൗന്ദര്യവത്കരണം എന്ന ധർമം മാത്രമേ കാണൂ.
● അടിച്ചുറപ്പിച്ച നികത്ത് മണ്ണ് നിർമിതിയുടെ ഭാരം താങ്ങാനുള്ള ശേഷി താഴെയുള്ള സ്വാഭാവിക ഭൂമിക്ക് വേണം. എന്നാൽ ഇവിടെ അതുണ്ടായില്ല എന്നു വേണം അനുമാനിക്കാൻ. അതുകാരണം, ആ ഭാഗത്ത് പാത ഇരുന്നു പോയി.
● ഇതിന്റെ സമ്മർദത്താൽ തൊട്ടടുത്ത വയൽ പ്രദേശം പ്രത്യേക ദിശയിൽ ഉയർന്നുപൊങ്ങി.
● കൃത്യമായ മണ്ണ് പരിശോധന നടത്താതെ ചെയ്ത എഞ്ചിനീയറിംഗ് ഡിസൈൻ തകർച്ചയുടെ ഉദാഹരണമാണിതെന്ന് മനസ്സിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

