അമ്യൂസ്മെന്‍റ് പാർക്കിൽ പുലിവാല് പിടിച്ച് മലപ്പുറം നഗരസഭ; പൊളിച്ചുവിൽക്കാൻ കൗൺസിൽ തീരുമാനം
text_fieldsമലപ്പുറം: കേരളത്തിൽ ആദ്യമായി അമ്യൂസ്മെന്‍റ് പാർക്ക് തുടങ്ങി വാർത്തയിൽ ഇടം നേടിയതാണ് മലപ്പുറം നഗരസഭ. എന്നാൽ, അന്ന് പേരെടുത്തെങ്കിലും ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ് ചെയർമാനും കൂട്ടരും. ഏറ്റവുമൊടുവിൽ അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡുകൾക്കും ഉപകരണങ്ങൾക്കും കിട്ടിയ വിലയിട്ട് സ്ഥലം തിരിച്ചെടുക്കാനാണ് ആലോചന. ഇക്കാര്യം വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ചർച്ചയായി. പാർക്കിൽ ഉപയോഗശൂന്യമായി കിടക്കുന്ന റൈഡുകളും ഇതര സാധനസാമഗ്രികളും ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെടാനും തീരുമാനമായി.
വിഷയം പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചു. വികസന, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷർ, കൗണ്‍സിലര്‍മാര്‍, നഗരസഭ എന്‍ജിനീയറിങ് വിഭാഗം, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നതാണ് ഉപസമിതി. 2005 -'10 കാലത്തെ ഭരണസമിതിയാണ് കോട്ടക്കുന്നിൽ പാർക്ക് നിർമിച്ചത്.
ഇരുപതിലധികം റൈഡുകളുമായി പ്രവർത്തനം തുടങ്ങിയെങ്കിലും അധികൃതർ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ഇതോടെയാണ് പാർക്ക് അടച്ചിട്ടത്. പിന്നീട് റൈഡുകള്‍ അടക്കമുള്ളവ ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 80 ലക്ഷം രൂപ ലേലത്തുക വെച്ചെങ്കിലും 12 ലക്ഷം മാത്രമാണ് ലേലത്തിനെത്തിയവർ വില കണ്ടത്. ഇതോടെ നടപടി നിർത്തിവെക്കുകയായിരുന്നു.
പിന്നെയും വർഷങ്ങളോളം വെറുതെ കിടന്ന ഉപകരണങ്ങളും മറ്റും ഇപ്പോൾ കിട്ടുന്ന വിലയിട്ട് ഉടൻ ലേലം ചെയ്യാനാണ് നഗരസഭ താൽപര്യപ്പെടുന്നത്. പ്രതിപക്ഷവും ഇക്കാര്യത്തിൽ എതിർപ്പുയർത്തിയില്ല. ഡി.ടി.പി.സിയുമായി കരാർ ഉണ്ടെങ്കിലും വർഷങ്ങളായി ഇത് പുതുക്കാതെ കിടക്കുകയാണ്. ഇക്കാര്യം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.അമ്യൂസ്മെന്‍റ് പാർക്ക് മാറ്റിയാൽ പുതിയ പദ്ധതികൾ ഇവിടെ ആലോചിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
അതിനിടെ പാർക്കിലെ താൽക്കാലിക ജീവനക്കാരുടെ ഇ.എസ്.ഐ വിഹിതം അടക്കാത്ത വകയിൽ ലക്ഷങ്ങൾ കുടിശ്ശികയുള്ളതും യോഗത്തിൽ ചർച്ചയായി. വിഹിതം അടക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ നൽകിയ പരാതിയിൽ 2016ൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധിയുണ്ടായിരുന്നു.എന്നാൽ, ഇതിൽ നഗരസഭ തീരുമാനമെടുക്കാതെ വന്നതോടെ 30 ലക്ഷത്തോളം രൂപയാണ് ഈ ഇനത്തിൽ ബാധ്യതയായിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
ടൗൺഹാളിനടുത്ത് പേ പാർക്കിങ് വരും
നഗരസഭ ടൗൺഹാൾ വളപ്പിൽ സഹകരണ ആശുപത്രിയോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പേ പാർക്കിങ് കൊണ്ടുവരാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. 10 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഇവിടെ നിലവിൽ ഓട്ടോ പാർക്കിങ് ആണ്. അഞ്ച് മണിക്കൂർ പാർക്കിങ്ങിനായി വാഹനമൊന്നിന് 20 രൂപ നിരക്കിൽ ഈടാക്കാനാണ് പ്രാഥമിക തീരുമാനം. എന്നാൽ, പാർക്കിങ് ഫീ കുറക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ദിവസം ആയിരം രൂപ തറവാടക നിശ്ചയിച്ച് സ്ഥലം ലേലം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

