ചൂടിലേക്ക് മലപ്പുറം
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പിന്റെ പതിവു ബഹളങ്ങളൊന്നും പുറമേക്ക് ദൃശ്യമല്ലെങ്കിലും അരിച്ചിറങ്ങുന്ന വൃശ്ചികക്കുളിരിനിടെ, തദേശപോരിന്റെ ചൂടിലേക്ക് അതിവേഗം നടന്നടുക്കുകയാണ് മലപ്പുറം. പരമ്പരാഗതരീതിയിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കം ഒരു ഭാഗത്ത് തകൃതിയിൽ നടക്കുമ്പോൾ മറുഭാഗത്ത് സ്ഥാനാർഥി പരിചയവും വോട്ടഭ്യർഥനയും സമൂഹമാധ്യമങ്ങളിൽ നിറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ജില്ലയാണ് മലപ്പുറം. മുസ്ലിംലീഗിന്റെ വോട്ടുബലത്തിൽ, ജില്ലയിലെ പരമാവധി സീറ്റുകളിൽ യു.ഡി.എഫ് വിജയം ലക്ഷ്യമിടുമ്പോൾ, സ്വതന്ത്രരുടെകൂടി പിന്തുണയോടെ നില മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് എൽ.ഡി.എഫ്. ചിലയിടങ്ങളിൽ യു.ഡി.എഫിന് വിമത ഭീഷണികളുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഭേദപ്പെട്ട നിലയിൽ ഇക്കുറി സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനായെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം.
കോൺഗ്രസും സി.പി.എമ്മും ചേർന്ന പൊന്മുണ്ടത്തെ ജനകീയ മുന്നണി യു.ഡി.എഫിന് തലവേദനയായി തുടരുമ്പോൾ മുതുവല്ലൂരിലും നന്നംമുക്കിലും എൽ.ഡി.എഫിൽ ഭിന്നസ്വരങ്ങളുണ്ട്. യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധം വിവാദമാക്കാൻ എൽ.ഡി.എഫ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷം വെൽഫെയറുമായി ഉണ്ടാക്കിയിരുന്ന തെരഞ്ഞെടുപ്പ് ധാരണകളുടെ കണക്ക് നിരത്തിയാണ് ആരോപണങ്ങളെ യു.ഡി.എഫ് പ്രതിരോധിക്കുന്നത്.
ജില്ലയിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിന്റെ കൈകളിലായതിനാൽ അവിടുത്തെ ഭരണനേട്ടവും സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധതയും വിലക്കയറ്റവും ഉയർത്തികാട്ടിയാണ് യു.ഡി.എഫിന്റെ വോട്ടുപിടുത്തം. സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങളും സാമൂഹ്യക്ഷേമ പെൻഷൻ വർധനയുമാണ് എൽ.ഡി.എഫിന്റെ തുരുപ്പുചീട്ട്. പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനതലത്തിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലമ്പൂരിൽ അവ്വിധമല്ല കാര്യങ്ങൾ.
കരുളായി പഞ്ചായത്തിലൊഴികെ, യു.ഡി.എഫ്-തൃണമൂൽ ധാരണയില്ല. ഉപതെരഞ്ഞെടുപ്പിൽ അൻവർ കൂടുതൽ വോട്ടുപിടിച്ച വഴിക്കടവിലടക്കം തൃണമൂൽ വേറിട്ടാണ് മത്സരിക്കുന്നത്. വെൽഫെയർ പാർട്ടിക്കുപുറമേ, ജില്ലയിൽ നിരവധി വാർഡുകളിൽ എസ്.ഡി.പി.ഐയും ബി.ജെ.പിയും മത്സരരംഗത്തുണ്ട്.
നിലവിൽ, മലപ്പുറം ജില്ല പഞ്ചായത്തിലെ 32 ഡിവിഷനുകളിൽ 27ഉം യു.ഡി.എഫിന്റെ കൈവശമാണ്. 12 നഗരസഭകളിൽ ഒമ്പതിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും ഭരിക്കുന്നു. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12ഇടത്ത് ഭരണം യു.ഡി.എഫിനാണ്. മൂന്നിടത്ത് എൽ.ഡി.എഫ്. 70 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി. എഫിനാണ് ഭരണം, 24 ഇടത്ത് എൽ.ഡി.എഫുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

