മലപ്പുറത്ത് കരുത്തുകാട്ടാൻ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കടന്നുവരവോടെ സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളിൽപ്പെട്ട മണ്ഡലങ്ങളിലൊന്നായി മലപ്പുറം മാറി. ലീഗിന്റെ മുഖ്യ മുഖങ്ങളിലൊന്നായ കുഞ്ഞാലിക്കുട്ടി തന്നെ മലപ്പുറം ജില്ലയുടെ ആസ്ഥാന മണ്ഡലത്തിൽ അങ്കത്തിന് ഇറങ്ങുമ്പോൾ ഉയർന്ന ഭൂരിപക്ഷത്തിൽ കുറഞ്ഞതൊന്നും പാർട്ടി നേതൃത്വവും അണികളും പ്രതീക്ഷിക്കുന്നില്ല. ഭൂരിപക്ഷം റെക്കോർഡ് തിരുത്തുമോ എന്നാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്.
ആര് ജയിക്കുമെന്ന ചർച്ച തന്നെ അപ്രക്തമാക്കും വിധമാണ് പാർട്ടിക്ക് മണ്ഡലത്തിലുള്ള കരുത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ നഗര-ഗ്രാമ തലങ്ങളിലെ യു.ഡി.എഫിന്റെ വലിയ മുന്നേറ്റം ഇതിന് തെളിവാണ്. നേരത്തെയുണ്ടായിരുന്ന വാർഡുകളേക്കാൾ അധികം പിടിച്ചാണ് യു.ഡി.എഫ് തദ്ദേശത്തിൽ മുന്നേറ്റമുണ്ടാക്കിയത്.
മലപ്പുറത്ത് നിന്ന് മൂന്ന് തവണ ജനവിധി തേടിയ പി. ഉബൈദുല്ല മാറിയതോടെ വേങ്ങരയിൽനിന്ന് ചുവട് മാറ്റി തന്റെ പഴയ തട്ടകത്തിലാണ് ഇത്തവണ കുഞ്ഞാലിക്കുട്ടി വീണ്ടുമിറങ്ങുന്നത്. മലപ്പുറത്ത് നിന്ന് മൂന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. 1982ലായിരുന്നു നിയമസഭയിലേക്ക് ആദ്യമായി മലപ്പുറത്ത് അങ്കത്തിന് ഇറങ്ങിയത്. 1987ലും മത്സരിച്ച് കരുത്ത് കാട്ടി.
1957ൽ രൂപവത്കരണകാലം തൊട്ട് ലീഗല്ലാത്ത ഒരു പാർട്ടിയും ജയിക്കാത്ത അപൂർവം മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. മണ്ഡലത്തിന് കീഴിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കോണി ചിഹ്നവുമായി ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുകയാണ് കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും. കരുത്തറിയിക്കാൻ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ റോഡ്ഷോകളുമുണ്ട്.
എൽ.ഡി.എഫിൽ മലപ്പുറത്ത് സി.പി.എമ്മായിരുന്നു 2021ൽ മത്സരിച്ചിരുന്നത്. ഇത്തവണ കോട്ടക്കൽ സി.പി.എം ഏറ്റെടുത്ത്, മലപ്പുറം എൻ.സി.പിക്ക് നൽകി. എൻ.സി.പി (എസ്) സ്ഥാനാർഥി കെ.ടി. മുജീബാണ് ഇടതിനായി ജനവിധി തേടുന്നത്. പുതുമുഖമായ മുജീബിലൂടെ, ‘കാഹളം മുഴക്കുന്ന മനുഷ്യ’ന്റെ ചിഹ്നവുമായി മാറ്റം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. കുടുംബയോഗങ്ങളും കൺവെൻഷനുകളും റാലികളുമായി ഇടതു സ്ഥാനാർഥി പ്രചാരണം കൊഴുപ്പിക്കുകയാണ്. മാറ്റത്തിന് ഒരു വോട്ട് തേടിയാണ് ഇടതുപക്ഷം വോട്ടർമാരെ കാണുന്നത്. വോട്ടുനില ഉയർത്തി കരുത്ത് വർധിപ്പിക്കാൻ എൻ.ഡി.എ സ്ഥാനാർഥി അശ്വതി ഗുപ്ത കുമാർ താമര ചിഹ്നവുമായുണ്ട്. കേന്ദ്രസർക്കാറിന്റെ വികസന നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ പ്രചാരണം. കൂടാതെ എസ്.ഡി.പി.ഐ, ആം ആദ്മി പാര്ട്ടി സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

