ദുരഭിമാനക്കൊല: പിതാവുമായി പൊലീസ് തെളിവെടുത്തു
text_fieldsഅരീക്കോട്: വിവാഹത്തലേന്ന് പത്തനാപുരം സ്വദേശിയായ യുവതി ആതിര (22) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ പിതാവ് രാജനുമായി പൊലീസ് തെളിവെടുത്തു. പിതാവും മകളും തമ്മിൽ വാക്കുതർക്കമുണ്ടായ സ്വന്തം വീട്ടിലും കൊലപാതകം നടന്ന തൊട്ടടുത്ത വീട്ടിലും വളപ്പിലുമാണ് തെളിവെടുപ്പിനായി രാജനെ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ എത്തിച്ചത്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, അരീക്കോട് എസ്.ഐ കെ. സിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രാജനെ തെളിവെടുപ്പിനായി എത്തിച്ചത്.
ആതിരയുടെ മാതാവ് സുനിത, സഹോദരങ്ങളായ അശ്വിൻ രാജ്, അതുൽ രാജ് എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. പൊലീസ് മധ്യസ്ഥതയിൽ വിവാഹം നിശ്ചയിച്ചശേഷം വലിയ പ്രശ്നമൊന്നും രാജനും മകളും തമ്മിലുണ്ടായിരുന്നില്ല. അച്ഛെൻറ കൈ പിടിച്ച് കതിർ മണ്ഡപത്തിലേക്ക് ഇറങ്ങണമെന്ന ആഗ്രഹമാണ് ആതിര പ്രകടിപ്പിച്ചിരുന്നതെന്നും വിവാഹം കഴിഞ്ഞാൽ പ്രശ്നങ്ങളെല്ലാം രമ്യമായി തീരുമെന്നും ആതിര പ്രതീക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മധ്യസ്ഥ ചർച്ചയോടെ പ്രശ്നത്തിൽ അയവ് വരികയും തുടർന്ന് പ്രതിശ്രുത വരൻ ബ്രിജേഷിെൻറ നാടായ കൊയിലാണ്ടിയിൽ നിശ്ചയിച്ചിരുന്ന വിവാഹം ആതിരയുടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ അരീക്കോട് പുത്തലം സാളിഗ്രാമ ക്ഷേത്രത്തിലേക്ക് മാറ്റുകയും ചെയ്തു.
വളരെ സ്നേഹത്തിൽ തന്നെയായിരുന്നു ആതിരയെ രാജൻ വളർത്തിയത്. എങ്കിലും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരാളെ മകൾ പ്രതിശ്രുത വരനായി തെരഞ്ഞെടുത്തതോടെ കടുത്ത മാനസിക സംഘർഷത്തിനടിമപ്പെട്ടതായും മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവേണ്ടി വരുന്ന അവസ്ഥയെ ഭയന്നിരുന്നതായും പൊലീസ് പറഞ്ഞു. വിവാഹത്തലേന്ന് വൈകീട്ട് അഞ്ചിന് വീട്ടിലെത്തിയ രാജൻ അമിതമായി മദ്യപിച്ചിരുന്നു.
വിവാഹം കഴിഞ്ഞാൽ ഇനി വീട്ടിലേക്ക് വരരുതെന്നും ശല്യം ചെയ്യരുതെന്നും രാജൻ പറഞ്ഞത്രെ. താൻ ഭർത്താവിെൻറ കൂടെ പൊയ്ക്കോളാമെന്നും വീട്ടിലേക്ക് തിരിച്ചുവരില്ലെന്നും വിഷമത്തോടെ ആതിരയും മറുപടി പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കം മർദനത്തിലെത്തുകയും തുടർന്ന് അടുത്ത വീട്ടിലേക്ക് ഓടിയ ആതിരയെ രാജൻ അമിതകോപത്താൽ നെഞ്ചത്ത് കുത്തുകയുമായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.