
മലപ്പുറം ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി, ചുങ്കത്തറയിൽ കേരള കോൺഗ്രസ് (എം)
text_fieldsമലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെ 32 സീറ്റിൽ സി.പി.എം 22, സി.പി.ഐ നാല്, ഐ.എൻ.എൽ രണ്ട്, എൻ.സി.പി, ജനതാദൾ (എസ്), എൽ.ജെ.ഡി, കേരള കോൺഗ്രസ് എം പാർട്ടികൾ ഒന്നുവീതം സീറ്റുകളിലാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് കൺെവൻഷനുകൾ 21, 22 തീയതികളിൽ നടക്കും. 20 സീറ്റുകളിലെ സ്ഥാനാർഥികളെ സി.പി.എം വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു. നന്നമ്പ്ര, എടവണ്ണ ഡിവിഷനുകളിലെ സ്ഥാനാർഥികളെ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു.
മാറാഞ്ചേരി, ഏലംകുളം, ചോക്കാട്, വേങ്ങര ഡിവിഷനുകളിലാണ് സി.പി.ഐ സ്ഥാനാർഥികൾ മത്സരിക്കുക. സ്ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്.
ആതവനാട് – എൻ.സി.പി, എടരിക്കോട്, വെളിമുക്ക് - ഐ.എൻ.എൽ, പൂക്കോട്ടൂർ - ജനതാദൾ, കരിപ്പൂർ - ലോക്‌താന്ത്രിക് ജനതാദൾ, ചുങ്കത്തറ - കേരള കോൺഗ്രസ് (എം) എന്നിങ്ങനെയാണ് സീറ്റ് ധാരണ. ചുങ്കത്തറ ഡിവിഷനിൽ കഴിഞ്ഞതവണ എൻ.സി.പിയായിരുന്നു മത്സരിച്ചത്. കേരള കോൺഗ്രസ് (ജോസ് കെ. മാണി വിഭാഗം) എൽ.ഡി.എഫിൽ എത്തിയതോടെ അവർക്ക് ഇൗ സീറ്റ് നൽകുകയായിരുന്നു.