മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച ഓർഡിനൻസ് ശരിെവച്ച് ഹൈകോടതി
text_fieldsകൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ ഓർഡിനൻസ് ഹൈകോടതി ശരിവെച്ചു. ലയന നടപടികൾ പൂർത്തിയാക്കാൻ സർക്കാറും സഹകരണസംഘം രജിസ്ട്രാറും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടു.
കേരള ബാങ്ക് ലയനത്തിൽനിന്ന് വിട്ടുനിന്ന മലപ്പുറം ജില്ല സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിനെതിരായ ഹരജികൾ തള്ളിയാണ് ഉത്തരവ്. ഒാർഡിനൻസിനെ അനുകൂലിച്ചും എതിർത്തും സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
കേരള ബാങ്കിൽ മറ്റു 13 ജില്ല സഹകരണ ബാങ്കുകളും ലയിച്ചിരുന്നു. കേരള ബാങ്കിന് 2019 ഒക്ടോബർ ഏഴിന് റിസർവ് ബാങ്ക് അന്തിമാനുമതി നൽകിയതിനുശേഷമാണ് മലപ്പുറം ജില്ല ബാങ്കിനെകൂടി ലയിപ്പിക്കാൻ സർക്കാർ ഒാർഡിനൻസ് ഇറക്കിയത്. രണ്ട് പൊതുയോഗം വിളിച്ചിട്ടും മലപ്പുറം ജില്ല ബാങ്കിനെ ലയിപ്പിക്കാൻ കഴിയാതിരുന്നതോടെയാണ് ഒാർഡിനൻസ് കൊണ്ടുവന്നത്.
പൊതുയോഗത്തിൽ പ്രമേയം പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒാർഡിനൻസ് നിലവിൽവന്ന് മൂന്നുമാസം കഴിഞ്ഞ് റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സഹകരണ സംഘം രജിസ്ട്രാർക്ക് ലയനത്തിന് ഉത്തരവിടാൻ അധികാരമുണ്ടെന്നായിരുന്നു ഓർഡിനൻസിലെ വ്യവസ്ഥ. ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ല ബാങ്ക് ഭരണസമിതിയും തുവ്വൂർ പഞ്ചായത്ത് സഹകരണ ബാങ്കും പുൽപറ്റ സർവിസ് സഹകരണ ബാങ്കും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. എന്നാൽ, ലയന നടപടികൾ വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ കോടൂർ സർവിസ് സഹകരണ ബാങ്ക് ഉൾപ്പെടെ 30 പ്രാഥമിക സഹകരണ സംഘങ്ങളും ജില്ല ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ഉൾപ്പെടെ 360 ജീവനക്കാരും നൽകിയ ഹരജികളും കോടതി പരിഗണിച്ചു.
നിർബന്ധിത ലയനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രത്യേക ഒാർഡിനൻസിന് സാധുതയില്ലെന്നാണ് ഇതിനെ എതിർത്ത ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. പ്രമേയം പാസാക്കാത്ത ജില്ല സഹകരണ ബാങ്കുകളെ ഒാർഡിനൻസിലൂടെ ലയിപ്പിക്കാൻ രജിസ്ട്രാർക്ക് നൽകുന്ന അധികാരം ഭരണഘടനവിരുദ്ധമാണ്. ഒാർഡിനൻസ് ബില്ലാക്കാൻ കഴിയാത്തതിനാൽ ഒാരോ തവണയും ഗവർണർ ഒാർഡിനൻസ് പുനഃപ്രഖ്യാപിക്കുന്നത് നിയമപരമല്ലെന്നും ഇവർ വാദിച്ചു.
എന്നാൽ, ഒാർഡിനൻസ് ബില്ലാക്കി മാറ്റാൻ കഴിയാത്തത് കോവിഡ് വ്യാപനത്തെത്തുടർന്നുള്ള അസാധാരണ സാഹചര്യം മൂലമാണെന്ന് കോടതി പറഞ്ഞു. ഇത് ബില്ലായി മാറ്റണമെന്ന ഭരണഘടനബാധ്യത സർക്കാർ നിറവേറ്റണമെന്നും കോടതി നിർദേശിച്ചു. ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിക്കുമ്പോൾ പ്രാഥമിക സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശം നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്ന് മാത്രമല്ല, സാധാരണക്കാരായ കർഷകർ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയാണ് ചെയ്യുന്നത്. കേരള ബാങ്കിെൻറ നയരൂപവത്കരണത്തിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് പരിഗണന ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.