മലപ്പുറം സൈബര്‍ ക്രൈം പൊലീസ് മണിമ്യൂൾ ഇടപാട് തടഞ്ഞു
text_fieldsമലപ്പുറം: സൈബര്‍ ക്രൈം പൊലീസ് ഇടപെട്ട് വൻ മണിമ്യൂൾ സാമ്പത്തിക ഇടപാട് തടഞ്ഞു. ബാങ്കിങ് നെറ്റ് വർക്കിൽനിന്ന് ലഭിച്ച സൂചന സന്ദേശത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പൊലീസ് സംശയാസ്പദ ഇടപാട് തടഞ്ഞത്. മലപ്പുറത്തെ സ്വകാര്യ ബാങ്ക് ശാഖയിൽനിന്ന് ഒരേ ദിവസം തന്നെ ഒരാൾ രണ്ട് തവണകളിലായി വലിയ തുക പിന്‍വലിക്കാൻ ശ്രമിച്ചതായിട്ടാണ് ബാങ്കിങ് നെറ്റ് വർക്കിൽ നിന്ന് പൊലീസിന് സൂചന സന്ദേശം ലഭിച്ചത്. പണം പിൻവലിക്കാനായി എത്തിയ ആളോട് തുകയുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. തുക പിൻവലിക്കുന്നതിനായി തന്റെ അക്കൗണ്ട് കമീഷൻ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതായി ഇയാൾ വെളിപ്പെടുത്തി.
തട്ടിപ്പുകാർക്കായി ഈ വ്യക്തിയിൽനിന്നും പണം കൈപ്പറ്റുന്ന ആൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വലിയ സംഖ്യ വാടക അക്കൗണ്ടിലേക്ക് അയച്ച് കമീഷൻ നൽകിയാണ് അവരെക്കൊണ്ട് ഈ തുക പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ യു.കെ. ഷാജഹാൻ അറിയിച്ചു.
പണം അയച്ച അക്കൗണ്ടിന്റെ വിവരങ്ങൾ, പണം കൈപ്പറ്റാനായി എത്തി മുങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പൊലീസ് അന്വേഷിച്ചു വരുന്നു. അനധികൃതമായി പരിചയമില്ലാത്ത വ്യക്തികൾക്ക് സ്വന്തം അക്കൗണ്ട് ഉപയോഗിക്കാൻ നൽകുന്നതും പണം പിൻവലിച്ച് കൊടുക്കുന്നതുമായ ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ നജുമുദ്ദീൻ മണ്ണിശ്ശേരി, എ.എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ പി.സി. വിഷ്ണുശങ്കർ, ജയപ്രകാശ് എന്നിവർ ഉണ്ടായിരുന്നു.
എന്താണ് മണിമ്യൂൾ അക്കൗണ്ട്?
അനധികൃത പണം വെളുപ്പിക്കാൻ മറ്റൊരാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിനെയാണ് മണിമ്യൂൾ അക്കൗണ്ട് എന്ന് സൂചിപ്പിക്കുന്നത്. അക്കൗണ്ട് ഉടമക്ക് കമീഷൻ നൽകിയാണ് തട്ടിപ്പുകാർ, ബാങ്ക് അക്കൗണ്ട് പണം കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. പിടിക്കപ്പെട്ടാൽ നിയമനടപടിയും കടുത്ത ശിക്ഷയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

