ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ധർ തീർത്ത ചന്ദനപരിമളം ഇനി മാർപാപ്പയുടെ കരങ്ങളിൽ
text_fieldsകോട്ടയം: ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പക്ക് വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
ഉഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ധർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് സഭ ഉപഹാരമായി മാർപാപ്പക്ക് സമ്മാനിച്ചത്. പൂർണമായും കൈകൾകൊണ്ട് നിർമിച്ച സ്ലീബായിൽ അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് ഉപഹാരം കൈമാറിയത്.
മലങ്കര ഓർത്തഡോക്സ് സഭയെ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മെത്രാപ്പോലീത്തമാരായ സഖറിയ മാർ നിക്കോളവോസ്, എബ്രഹാം മാർ സ്തേഫാനോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവർ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തശേഷം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
കാതോലിക്ക ബാവയുടെ സന്ദേശം പ്രതിനിധിസംഘം മാർപാപ്പക്ക് കൈമാറി. ലോകസമാധാനത്തിനും ക്രൈസ്തവസഭകളുടെ ഏകീകരണത്തിനും നിർണായക പങ്കുവഹിക്കാൻ പാപ്പക്ക് കഴിയട്ടെയെന്ന് കാതോലിക്ക ബാവ ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സഭയും കത്തോലിക്ക സഭയും തുടർന്നുവരുന്ന വേദശാസ്ത്ര സംവാദങ്ങളും പരസ്പര സഹകരണവും പുതിയ തലത്തിലേക്ക് വളരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

