മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു
text_fieldsമലങ്കര അണക്കെട്ട് തുറന്ന നിലയിൽ
തൊടുപുഴ: ഇടുക്കി ജില്ലയിലെ മലങ്കര ഡാം വഴി മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം ഒഴുക്കിയെന്ന് പരാതി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അധികമായി രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയത്. ആറ് ഷട്ടറുകളിൽ 3 എണ്ണം ഉയർത്തിയ നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു.
നിലവിൽ 3ഷട്ടറുകൾ 50 സെന്‍റിമീറ്റർ വീതവും മറ്റ് രണ്ട് ഷട്ടറുകൾ 30,10 സെന്‍റിമീറ്റർ വീതവും ഉയർത്തിയ നിലയിലാണ്. ജലനിരപ്പ് 39.50 മീറ്ററിൽ നിലനിർത്താനായി ആവശ്യമായി വന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും.
മഴക്കാലം തുടങ്ങിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഇത് സ്വീകരിക്കാതെയാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയർന്നാൽ ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് പ്രതിസന്ധിയുണ്ടാക്കും.
പി.ആർ.ഡി കൃത്യമായി വിവരങ്ങൾ അറിയിക്കാറില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട നടപടികള്‍ പി.ആര്‍.ഡി സ്വീകരിച്ചിട്ടില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. തൊടുപുഴ - മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

