മലങ്കര കത്തോലിക്ക സഭക്ക് പുതിയ രണ്ട് മെത്രാന്മാർകൂടി
text_fieldsഫാ. ഡോ. ആന്റണി കാക്കനാട്ട്, മോൺ. ഡോ. മാത്യു മനക്കരക്കാവിൽ
തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭക്ക് പുതിയ രണ്ട് മെത്രാന്മാർകൂടി. സഭയുടെ പട്ടം കാതോലിക്കേറ്റ് സെന്ററിൽ സുവിശേഷസംഘം എക്സി. ഡയറക്ടറായി പ്രവർത്തിക്കുന്ന ഫാ. ഡോ. ആന്റണി കാക്കനാട്ട്, മേജർ അതിരൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. മാത്യു മനക്കരക്കാവിൽ എന്നിവരെയാണ് പുതിയ മൊത്രാന്മാരായി സുന്നഹദോസ് തെരഞ്ഞെടുത്തത്.
ഇതോടൊപ്പം പുണെയിലെ കട്കി സെൻറ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാനായി പ്രവർത്തിക്കുന്ന ബിഷപ് തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയെ സഭയുടെ ഡൽഹി ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി മാറ്റിനിയമിച്ചു. ഭദ്രാസനത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം പ്രവർത്തിക്കും.
നിയുക്ത ബിഷപ്പുമാരായ ഫാ. ആന്റണി കാക്കനാട്ടിനെ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ മെത്രാനായും മോൺ. മാത്യു മനക്കരക്കാവിലിനെ മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായുമാണ് നിയമിച്ചത്. പുതിയ രണ്ട് ബിഷപ്പുമാരുടെയും സ്ഥാനാരോഹണം മാർ ഈവാനിയോസ് ദിനമായ ജൂലൈ 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ബിഷപ് തോമസ് മാർ അന്തോണിയോസ് ഡൽഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി ജൂൺ 30ന് ചുമതലയേൽക്കും.
നിയുക്ത ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ഒരേസമയം ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 3.30ന് നടന്നു. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സഭയിലെ ബിഷപ്പുമാരും നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു.
പ്രാർഥനമധ്യേ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ഡോ. തോമസ് മാർകൂറിലോസ് പുതിയ ബിഷപ്പുമാരുടെ നിയമനവും ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ മെത്രാന്റെ നിയമനവും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വായിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കർദിനാൾ ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തിൽ സഭയിലെ ബിഷപ്പുമാർ ചേർന്ന് നിയുക്ത മെത്രാന്മാരെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് കർദിനാളിനും സഭയിലെ ഇതര ബിഷപ്പുമാർക്കുമൊപ്പം പുതിയ മെത്രാന്മാരും ചേർന്ന് പ്രാർഥന പൂർത്തീകരിച്ചതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

