മലബാര്‍ സിമന്‍റ്സ് അഴിമതി: ലീഗല്‍ ഓഫിസര്‍ അറസ്റ്റില്‍
text_fieldsപാലക്കാട്: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിനെ പാലക്കാട് വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഫൈ്ളആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടില്‍ ഹൈകോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തമിഴ്നാട് തൂത്തുകുടിയില്‍നിന്നും സിമന്‍റ് നിര്‍മാണത്തിനുള്ള ഫൈ്ളആഷ് ഇറക്കുമതി ചെയ്യാന്‍ 2014ല്‍ മലബാര്‍ സിമന്‍റ്സ് വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍െറ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് എന്ന സ്ഥാപനവുമായി കരാറുണ്ടാക്കിയിരുന്നു. പ്രതിമാസം 15,000 ടണ്‍ എന്ന തോതില്‍ ഒമ്പതു വര്‍ഷത്തേക്ക് ഫൈ്ളആഷ് എത്തിക്കാമെന്നായിരുന്നു ഉടമ്പടി. ഇതിനായി മലബാര്‍ സിമന്‍റ്സ് ബാങ്ക് ഗ്യാരണ്ടിയായി 52 ലക്ഷം രൂപ കെട്ടിവെച്ചിരുന്നു. 2008 ജൂലൈയില്‍ ഇടപാടില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് ബാങ്ക് ഗ്യാരണ്ടി തുക പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ നഷ്ടമായ, പണം തിരിച്ചുപിടിക്കാന്‍ മലബാര്‍ സിമന്‍റ്സിന്‍െറ ഭാഗത്തുനിന്നും ശ്രമമുണ്ടായില്ല.
ഇതിനെതിരെ തൂത്തുക്കുടി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് പകരം പാലക്കാട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ബോധപൂര്‍വം വി.എം. രാധാകൃഷ്ണനെ സഹായിച്ചെന്നാണ് പ്രകാശ് ജോസഫിനെതിരായ പരാതി. 2015ല്‍ വിജിലന്‍സിന്‍െറ ത്വരിത പരിശോധനയില്‍ ക്രമക്കേട് കണ്ടത്തെിയെങ്കിലും ഡയറക്ടറുടെ അനുമതി ലഭിക്കാത്തതിനാല്‍ കേസെടുത്തില്ല. പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്‍െറ ഹരജിയെതുടര്‍ന്ന് ഹൈകോടതി ഉത്തരവ് പ്രകാരമാണ് പ്രകാശ് ജോസഫിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. മുന്‍ എം.ഡി. സുന്ദരമൂര്‍ത്തി, വി.എം. രാധാകൃഷ്ണന്‍, എ.ആര്‍.കെ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ വടിവേലു എന്നിവരാണ് കേസില്‍ രണ്ടു മുതല്‍ നാലു വരെ പ്രതികള്‍.
കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രകാശ് ജോസഫ് ഹൈകോടതിയെ സമീപിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ട ഹൈകോടതി, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാന്‍ കഴിഞ്ഞ 18ന് ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് പാലക്കാട് വിജിലന്‍സ് ഓഫിസില്‍ ഹാജരായ പ്രകാശ് ജോസഫിന്‍െറ അറസ്റ്റ് ഡിവൈ.എസ്.പി എം. സുകുമാരന്‍ രേഖപ്പെടുത്തി ഉച്ചയോടെ ജാമ്യത്തില്‍ വിട്ടു. അതേസമയം, വിജിലന്‍സ് കേസെടുത്തിട്ടും ലീഗല്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വ്യവസായവകുപ്പ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
