മലബാർ സിമൻറ്സ് അഴിമതി: ഫയലുകൾ ഹൈകോടതിയിൽ നിന്ന് കാണാതായി; അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: മലബാർ സിമൻറ്സിലെ അഴിമതി സംബന്ധിച്ച ഹരജികളുടെ ഫയലുകൾ ഹൈകോടതിയിൽനിന്ന് കാണാതായി. ഇതുസംബന്ധിച്ച അന്വേഷണത്തിന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. കേസ് ഫയൽ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇത് നീതിയുടെ ദേവാലയത്തിൽ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, വിജിലൻസ് രജിസ്ട്രാറിന് അന്വേഷണ ചുമതല നൽകി.
മലബാർ സിമൻറ്സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ആൻറി കറപ്‌ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ, ജോയ് കൈതാരം എന്നിവർ നൽകിയ ഹരജികളും, മലബാർ സിമൻറ്സ് മുൻ ചെയർമാൻ ജോൺ മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്‌ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഒാൾ കേരള ആൻറി കറപ്‌ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ നൽകിയ ഹരജിയുമാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.
ഇതിൽ സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹരജിയുടെയും ജോയ് കൈതാരം നൽകിയ ഹരജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. കേസ് പരിഗണിച്ചപ്പോഴൊക്കെ ഇൗ ഹരജികളുടെ രണ്ടാമത്തെ സെറ്റാണ് ഹൈകോടതിയിലെ ഫയലിങ് വിഭാഗം കോടതിയിൽ ഹാജരാക്കിയത്. പിന്നീട് ഇൗ സെറ്റും കാണാതായി. ഇതോടെ അവശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹരജിയാണ് ഇപ്പോൾ കോടതിയിലെത്തിയത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയുടെ ആദ്യ സെറ്റും കാണാതായി.
ഹരജികളുടെ ഫയലുകൾ കാണാതായ സംഭവം ഹൈകോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആശങ്കക്കിട നൽകുന്ന സാഹചര്യമാണിത്. കഴിഞ്ഞ മേയ് 21ന് ഇൗ കേസുകൾ മറ്റൊരു ബെഞ്ചിെൻറ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്ത ശേഷമാണ് ഇവ കാണാതായത്. ഇത്തരമൊരു ആസൂത്രിത നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
ഹൈകോടതി സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം അന്വേഷണത്തിെൻറ ഭാഗമായി പരിശോധിക്കാൻ വിജിലൻസ് രജിസ്ട്രാർക്ക് കോടതി അനുമതി നൽകി. ഹരജികളുടെ ബാക്കി സെറ്റുകൾ ജുഡീഷ്യൽ രജിസ്ട്രാർ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഗൗരവമുള്ള സംഭവമുണ്ടായ സാഹചര്യത്തിൽ അടിയന്തര നടപടികളും മാർഗ നിർദേശങ്ങളും അനിവാര്യമാണെന്നും ഇതിന് ഇടക്കാല ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
