തലശ്ശേരി: രാജ്യത്തെ ഏറ്റവുംമികച്ച നിലവാരമുള്ള ആശുപത്രികളുടെ പട്ടികയില്‍ ഇനി മലബാര്‍ കാന്‍സര്‍ സെൻററും. ഉത്തരകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സ കേന്ദ്രമായ എം.സി.സിക്ക് ഉന്നത ഗുണനിലവാരത്തിനുള്ള എന്‍.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈേഡർസ്) അംഗീകാരം ലഭിച്ചു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആറാമത്തെ ആശുപത്രിയാണ് എം.സി.സി. 2019 മാര്‍ച്ചില്‍ അന്തിമ മൂല്യനിര്‍ണയം കഴിഞ്ഞ സെൻററിനെ കോവിഡ് പ്രതിസന്ധി മൂലം ആഗസ്റ്റ് മാസത്തിലെ അക്രഡിറ്റേഷന്‍ കമ്മിറ്റിയിലാണ് പരിഗണിച്ചത്.
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനിലൂടെ സെൻററിലെത്തുന്ന രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സക്കൊപ്പം മുന്തിയ രോഗീസുരക്ഷയും ശരിയായ യോഗ്യതയും പരിശീലനവും ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനവും ഉറപ്പാക്കാനാകും.
സേവനരംഗത്ത് 20 വര്‍ഷം പിന്നിടുന്ന എം.സി.സി ഗുണമേന്മ മികവിനുള്ള മറ്റ് അക്രഡിറ്റേഷനുകള്‍, ലോകോത്തര കാന്‍സര്‍ ഗവേഷണ പദ്ധതികള്‍, പോസ്റ്റ് ഗ്രാേജ്വറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുള്ള പാതയിലാണ്. 3400ലധികം പുതിയ രോഗികളാണ് ഈ കാലയളവില്‍ ഇവിടെ ചികിത്സക്കായി എത്തിയത്. 1240 മേജര്‍ സര്‍ജറികളും ആയിരത്തോളം റേഡിയേഷന്‍ ചികിത്സകളും കോവിഡ് കാലത്തും എം.സി.സിയില്‍ നടന്നു. സെൻററിലെ കോവിഡ് ലാബില്‍ ഇതിനകം 34000 സാമ്പിളുകളാണ് പരിശോധിച്ചത്.