വി.ഡി. സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർ.എസ്.എസ്-ബി.ജെ.പി അജണ്ട; ഗൗരവത്തോടെ കാണണമെന്നും എം.കെ. മുനീർ
text_fieldsഎം.കെ. മുനീർ
കോഴിക്കോട്: വി.ഡി. സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർ.എസ്.എസ്-ബി.ജെ.പി അജണ്ടയെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. അംബേദ്കർ വേണോ സവർക്കർ വോണോ എന്ന ചോദ്യമാണ് ഇന്ന് നേരിടുന്ന വലിയ പ്രശ്മമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭാസ വകുപ്പ് തയാറാക്കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയില്‍ സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ഉൾപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീർ. അംബേദ്കർ ഭരണഘടന നിലനിൽക്കണമെന്നും സമത്വം വേണമെന്നും വാദിച്ച വ്യക്തിയാണ്. ഭിന്ന സ്വരങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞയാളാണ് സവർക്കർ. ഇന്ത്യയുടെ ആത്മാവ് എന്നു പറയുന്നത് സത്യത്തിൽ നാനാത്വത്തിൽ ഏകത്വം എന്നു പറയുന്ന തത്വമാണ്. സവർക്കറെ ഒരു ദേശസ്നേഹിയാക്കി മാറ്റാനുള്ള ശ്രമം ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും അജണ്ടയാണ്. അതിനുവിധേയമാകുന്ന ചോദ്യങ്ങൾ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും മുനീർ ആവശ്യപ്പെട്ടു.
ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച ആളാണ് സവർക്കർ. ചോദ്യം വന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം ശ്രീ വിഷയത്തിൽ സബ് കമ്മിറ്റി റിപ്പോർട്ട് വരട്ടെ. എല്ലാ വശങ്ങളും പരിശോധിച്ചാകും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് തയാറാക്കാൻ സമയപരിധി നിശ്ചയിക്കേണ്ടതില്ല. ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കില്ല. കേരളത്തിന് കേരളത്തിന്‍റേതായ മാതൃകയുണ്ട്. കേരളത്തിന്‍റെ വിദ്യാഭ്യാസ നയത്തിന് ഭംഗം വരുത്തുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കില്ലെന്നും മുനീർ വ്യക്തമാക്കി.
വന്ദേമാതരം മുഴുവൻ ചൊല്ലണം എന്നത് പാർലമെന്‍റ് നിയമംപാസാക്കിയതാണ്. വന്ദേമാതരം ചൊല്ലാൻ ആഗ്രഹിക്കുന്നവർ ചൊല്ലട്ടെ. എല്ലാവരെയും നിർബന്ധിക്കരുത് എന്ന് നെഹ്റുവിന്‍റെ കാലത്ത് തന്നെ കോൺഗ്രസ് നയമാണ്. ചൊല്ലണ്ട എന്ന് വിചാരിക്കുന്നവർ ചൊല്ലണമോ എന്ന ചർച്ച ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മുനീർ പ്രതികരിച്ചു.
ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്നാണ് ക്വിസിൽ ചോദിച്ചിരിക്കുന്നത്. ഇതിന് ഉത്തരമായി നൽകിയിരിക്കുന്നത് വി.ഡി. സവർക്കർ എന്നാണ്. സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് സ്വാതന്ത്ര്യ സമരസേനാനിയെ കുറിച്ചുള്ള ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. വിവാദത്തിൽ കാസർകോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ.ഇ.ഒമാരോട് (അസി. എജുക്കേഷണൽ ഓഫിസർ) റിപ്പോർട്ട് തേടി. കാസർകോട്, കുമ്പള, മഞ്ചേശ്വരം എ.ഇ.ഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

