മകരവിളക്ക്: സംസ്ഥാന പൊലീസ് മേധാവി സന്നിധാനത്ത് ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsസംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ എന്നിവർ
പത്തനംതിട്ട: സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് ശബരിമല സന്നിധാനത്തിൽ എത്തി മകരവിളക്കിനു മുന്നോടിയായുള്ള പൊലീസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. സുഗമമായി നടത്തിപ്പിനായി 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇതിൽ 1800 ഓളം പേർ സന്നിധാനത്തും 800 പേർ പമ്പയിലും 700 പേർ നിലക്കലും 1050 ഓളം പേർ ഇടുക്കിയിലും 650 പേർ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.
ഇതിനുപുറമേ, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് സേനകളുടെ സുരക്ഷയും ഉണ്ട്. മകരജ്യോതി കാണാനും അതിനുശേഷം സുഗമമായി മലയിറങ്ങാനും ഉള്ള സൗകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്‌പെഷൽ സ്‌കീം നിശ്ചയിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. ഒരു എസ്.പി, 12 ഡിവൈ.എസ്.പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ് തുടങ്ങിയ സേനകൾ ജ്യോതി കാണാൻ ആൾക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ യോഗം ഞായറാഴ്ച നടക്കും.
സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ, നിലക്കലിൽ ഡി.ഐ.ജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.
മകരവിളക്കിനുശേഷം ഭക്തർക്ക് പോകാനുള്ള എക്‌സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്‌സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ വി. അജിത് തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

