ഹോമിയോപ്പതി ഡയറക്ടറേറ്റിൽ വൻ ക്രമക്കേട്
text_fieldsതൃശൂർ: ഹോമിയോപ്പതി ഡയറക്ടറേറ്റിൽ പർച്ചേസുകളിലും സ്ഥാനക്കയറ്റത്തിലും നടന്നത് വ്യാപക ക്രമക്കേടുകളെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഗൗരവമുള്ളതാണെന്നും വിജിലൻസ് പോലുള്ള ഏജൻസി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
ഫണ്ട് വകമാറ്റിയതിനും ചട്ടം ലംഘിച്ച് അധിക കമ്പ്യൂട്ടറുകൾ വാങ്ങിയതിനും ഡയറക്ടറോട് വിശദീകരണം തേടണമെന്നും ധനകാര്യ പരിശോധന വിഭാഗം സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
പർച്ചേസുകളിലാണ് ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് എണ്ണിപ്പറയുന്നത്. 54 കമ്പ്യൂട്ടറുകൾ വാങ്ങാൻ അനുമതിയുണ്ടായിരുന്നപ്പോൾ ചട്ടം ലംഘിച്ച് വാങ്ങിക്കൂട്ടിയത് 62 എണ്ണമാണ്. മരുന്നിനുള്ള പണം വകമാറ്റി മൊബൈൽ ഫോണും ലാപ്ടോപ്പും വാങ്ങി.
ഓഫിസ് പേപ്പർരഹിതമാക്കിയതിനുശേഷവും അടുത്ത വർഷത്തേക്കുള്ള അലോട്ട്മെന്റ് സ്റ്റേഷനറി വകുപ്പിൽനിന്ന് ലഭ്യമാകാറായ സമയത്തുമാണ് സാമ്പത്തിക വർഷാവസാനം ബജറ്റിൽ ബാക്കി വന്ന തുക ലാപ്സാകാതിരിക്കാൻ 14,500 രൂപയുടെ എ-4 പേപ്പർ വാങ്ങിയതും ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും ചട്ടലംഘനം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു. ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിച്ച ജീവനക്കാർ, സ്ഥാനക്കയറ്റത്തിന് ആവശ്യമായ വകുപ്പുതല പരീക്ഷ പാസാകാതെ ഉയർന്ന തസ്തികകളിൽ തുടരുന്നുവെന്ന ആരോപണവും ശരിവെക്കുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ഇപ്രകാരം ജോലിയിൽ പ്രവേശിച്ച പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥന് വ്യവസ്ഥകളോടെ സ്ഥാനക്കയറ്റം നൽകിയെങ്കിലും മൂന്നു വർഷത്തിനുശേഷവും യോഗ്യത നേടിയില്ല. ഇദ്ദേഹത്തെ തരംതാഴ്ത്താൻ വൈകിയ അധികൃതർ നടപടിയെടുത്തത് ധനകാര്യ പരിശോധന തുടങ്ങിയ ശേഷം മാത്രമാണ്. ഇദ്ദേഹത്തിന്റെ ശമ്പളം പുനഃക്രമീകരിച്ച് തിരിച്ചുപിടിക്കാൻ നടപടി ഉറപ്പാക്കണമെന്നും ശിപാർശയുണ്ട്. ജീവനക്കാരുടെ കൃത്യനിഷ്ഠയില്ലായ്മയും റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലാണ്.
പരിശോധന നടത്തിയ ദിവസം ഓഫിസിലെ 47 ജീവനക്കാരിൽ ഏഴുപേർ എവിടെയാണെന്നതിന് രേഖകളുണ്ടായിരുന്നില്ല. ബയോമെട്രിക് പഞ്ചിങ് സംവിധാനം ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും ഇത് അടിയന്തരമായി ബന്ധിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ധനകാര്യ അഡീഷനൽ സെക്രട്ടറി ആർ. ബിജുകുമാറാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

