ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കലക്ടർമാരെ മാറ്റി, 25 ഐ.എ.എസ് ഉദ്യോസ്ഥർക്ക് മാറ്റം
text_fieldsതിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. നാല് ജില്ലകളിലെ കലക്ടർമാരെ മാറ്റി. തൊഴിൽ സെക്രട്ടറി ഡോ. കെ. വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസാണ് തൊഴിൽ വകുപ്പിന്റെ പുതിയ സ്പെഷ്യൽ സെക്രട്ടറി. പഞ്ചായത്ത് ഡയറക്ടറുടെ പൂർണ അധിക ചുമതലയും ഷാനവാസിനുണ്ടാകും.
ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമീഷണർ പുനീത് കുമാറിന് നൽകിയിരുന്ന തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല ഒഴിവാക്കി. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസറിനുണ്ടായിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും ഒഴിവാക്കി.
റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഷീബ ജോർജാണ് പുതിയ ആരോഗ്യ അഡീഷനൽ സെക്രട്ടറി. തദ്ദേശ വകുപ്പ് അഡീഷനൽ സെക്രട്ടറിയായിരുന്ന ഡോ. എസ്. ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി നിയമിച്ചു. ലാൻഡ് റവന്യൂ ജോയിൻ കമീഷണർ എ. ഗീതയാണ് പുതിയ റവന്യൂ അഡീഷനൽ സെക്രട്ടറി. ഇവർക്ക് നൽകിയിരുന്ന ഹൗസിങ് കമീഷണർ, കേരള ഹൗസിങ് ബോർഡ് ഡയറക്ടർ എന്നീ അധിക ചുമതലകൾ തുടരും.
ഉപരിപഠനത്തിനുള്ള അവധി പൂർത്തിയാക്കി മടങ്ങിയെത്തുന്ന ജെറോമിക് ജോർജിനെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷിനെ ടൂറിസം അഡീഷനൽ ഡയറക്ടറായും നിയമിച്ചു. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ് അക്കാദമിയുടെയും അധിക ചുമതലയും ശ്രീധന്യക്കുണ്ട്.
സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹി കേരള ഹൗസ് റസിഡന്റ് കമീഷണറായി നിയമിച്ചു. സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിന്റെ അധിക ചുമതലയും ഇവർക്കുണ്ടാകും. പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുണാണ് വയനാട് ടൗൺഷിപ് പ്രോജക്ടിന്റെ പുതിയ ചീഫ് ഓപറേറ്റിങ് ഓഫിസർ.
നാല് ജില്ലകളിൽ കലക്ടർമാർക്ക് മാറ്റം
എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. കോട്ടയം കലക്ടർ ജോൺ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇടുക്കി കലക്ടർ വി. വിഗ്നേശ്വരിയാണ് കൃഷിവകുപ്പിന്റെ പുതിയ അഡീഷനൽ സെക്രട്ടറി. തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടർ ചുമതലയും കേരള ക്ലൈമറ്റ് റസലിയൻറ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ചുമതലയും ഇവർക്കുണ്ട്.
പാലക്കാട് കലക്ടർ ജി. പ്രിയങ്കയാണ് പുതിയ എറണാകുളം കലക്ടർ. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം. മാധവിക്കുട്ടിയെ പാലക്കാട് കലക്ടറായി നിയമിച്ചു. ഡൽഹി കേരള ഹൗസ് അഡീഷനൽ റെസിഡൻറ് കമീഷണർ ചേതൻ കുമാർ മീണയാണ് പുതിയ കോട്ടയം കലക്ടർ. പഞ്ചായത്ത് ഡയറക്ടർ ഡോ. ദിനേശൻ ചെറുവത്തിനെ ഇടുക്കി കലക്ടറായി നിയമിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിരുന്ന എ. നിസാമുദ്ദീനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറായി നിയമിച്ചു. ഇംപാക്ട് കേരള മാനേജിങ് ഡയറക്ടർ ചുമതലയും ഇദ്ദേഹത്തിന് അധികമായി ഉണ്ടാകും.
സബ്കലക്ടർമാരും മാറുന്നു; പുതിയ ബാച്ചിന് നിയമനം
ഫോർട്ടുകൊച്ചി സബ് കലക്ടർ കെ. മീരയെ സർവേ വകുപ്പ് ഡയറക്ടറായി നിയമിച്ചു. രജിസ്ട്രേഷൻ വകുപ്പ് ഐ.ജിയുടെ അധിക ചുമതലയും ഇവർക്കുണ്ടാകും. ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിനെ ലാൻഡ് റവന്യൂ ജോയിൻ കമീഷണറായി നിയമിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയും മിഥുനുണ്ട്. മാനന്തവാടി സബ് കലക്ടർ വിശാൽ സാഗർ ഭാരതിനെ എസ്.സി-എസ്.ടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കോഴിക്കോട് സബ് കലക്ടർ ഹർഷിലി ആർ. മീണയെ പരിസ്ഥിതി-കാലാവസ്ഥ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ദേവികുളം സബ് കലക്ടർ ബി.എം. ജയകൃഷ്ണനാണ് കേരള സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ. കോട്ടയം സബ് കലക്ടർ ഡി. രഞ്ജിത്തിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാദിയെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും നിയമിച്ചു.
ഇതിന് പുറമേ പരിശീലനം പൂർത്തിയാക്കിയ 2023 ബാച്ച് ഐ.എ.എസ് ഓഫിസർമാരായ അൻജീത് സിങ് (ഒറ്റപ്പാലം), അതുൽ സാഗർ (മാനന്തവാടി), ആയുഷ് ഗോയൽ (കോട്ടയം), വി.എം. ആര്യ (ദേവികുളം), എസ്. ഗൗതം രാജ് (കോഴിക്കോട്), ഗ്രാഥേ സായി കൃഷ്ണ (ഫോർട്ട് കൊച്ചി), സാക്ഷി മോഹൻ (പെരിന്തൽമണ്ണ) എന്നിവരെ സബ്കലക്ടർമാരായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

