ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ മുഖ്യ പ്രതി പിടിയിൽ
text_fieldsചാലക്കുടി: ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതിയെ ബംഗളൂരുവിൽനിന്ന് പൊലീസ് നാട്ടിലെത്തിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണീയം വീട്ടിൽ നാരായണ ദാസിനെയാണ് (58) കൊടുങ്ങല്ലൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ രൂപവത്കരിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് നാരായണ ദാസിനെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർമാരായ ലാൽസൻ, സജി വർഗീസ്, സീനിയർ സി.പി.ഒ മിഥുൻ ആർ.കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരു ഹൊങ്കസാന്ദ്ര ബൊമ്മനഹള്ളിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ കൊടുങ്ങല്ലൂരിലെത്തിച്ച നാരായണദാസിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റുചെയ്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ കേസിൽ 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

