രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്
text_fieldsതിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ പരാതി നൽകിയ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവാണ് സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതകളെ അധിക്ഷേപിച്ചത്.
'ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക...' എന്ന അധിക്ഷേപമാണ് ബിന്ദു ബിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. നേരത്തെ, മറ്റൊരു ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്ന സമയത്തും പരാതിക്കാരിയെ അധിക്ഷേപിച്ചും എം.എൽ.എയെ പിന്തുണച്ചും ബിന്ദു ബിനു രംഗത്തെത്തിയിരുന്നു.
ദൈവത്തിന് നന്ദി -രാഹുലിനെതിരെ ആദ്യം പരാതി നൽകിയ അതിജീവിത
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ആദ്യം പരാതി നൽകിയ അതിജീവിത. പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വിധികളും വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ അയാൾ ചെയ്ത പ്രവർത്തി നീ കണ്ടു -എന്ന് ഫെയിസ് ബുക്ക് കുറിപ്പിൽ പറയുന്നു. ആ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരിഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു. ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ -എന്നും അതിജീവിത കുറിച്ചു.
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനുശേഷം വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

