ഗാന്ധിജിയും ഗുരുവും സഞ്ചരിച്ചത് ഓരേ വഴിയിലൂടെ; മനുഷ്യരിലേക്ക് ഇറങ്ങി ചെന്നവരെന്ന് വി.ഡി. സതീശന്‍
text_fieldsതിരുവനന്തപുരം: രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സാമൂഹികമാറ്റത്തിന് ഉത്തേജനം പകര്‍ന്ന ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരിലേക്ക് ഇറങ്ങി ചെന്നവരാണ് ഇരുവരും. മാനവ നന്മയായിരുന്നു ഗുരുവിന്‍റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍. ആരോടും കലഹിക്കാതെയും മനുഷ്യനെ പ്രയാസങ്ങളിൽ നിന്ന് കരയറ്റിയും ഇരുവരും സമൂഹത്തില്‍ വിപ്ലവം തീര്‍ത്തു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ശ്രീനാരായണഗുരു തിരികൊളുത്തി.
ഗുരുവും അയങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിലുണ്ടാക്കിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്തമായ ആശയങ്ങളെ ഒരുമിച്ച് കൊണ്ടുപോയി ദേശീയ പ്രസ്ഥാനത്തില്‍ ലയിപ്പിച്ചത് ഗാന്ധിജിയാണ്. എല്ലാ മതങ്ങളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. മതേതരത്വത്തിന് പുതിയ ഭാഷ്യം ചമച്ചു.
ഒരു മതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ സഹോദര മതത്തിനെതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അതിനെ പ്രതിരോധിക്കുമ്പോഴാണ് രാജ്യത്തിന്‍റെ മതേതരത്വം അര്‍ഥ പൂര്‍ണ്ണമാകുന്നതെന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഗമത്തിന്‍റെ സന്ദേശം വരും തലമുറക്കും പകരണമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.