മഹാരാഷ്ട്ര ഗവർണർ മലങ്കര സഭ ആസ്ഥാനം സന്ദർശിച്ചു; കാതോലിക്കാബാവായുമായി കൂടിക്കാഴ്ച നടത്തി
text_fieldsമലങ്കരസഭാ ആസ്ഥാനത്തെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ജൻമദിനസമ്മാനമായി ആറൻമുള കണ്ണാടി സമ്മാനിക്കുന്നു
കോട്ടയം: മഹാരാഷ്ട്ര ഗവർണറും ബി.ജെ.പി തമിഴ്നാട് മുൻ പ്രസിഡന്റുമായ സി.പി. രാധാകൃഷ്ണൻ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുമായി ഒരുമണിക്കൂർ കൂടിക്കാഴ്ച നടത്തി.
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം. മലങ്കരസഭക്ക് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്താൻ കഴിയും. മഹാരാഷ്ട്രയിൽ സ്ക്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രോജക്ട് നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.
ക്രൈസ്തവ സമൂഹം വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന വിഭാഗമാണ്. അതിനാൽ ക്രൈസ്തവസഭകൾക്ക് രാജ്യവികസനത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും. രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന കാലത്ത് കേരളത്തിന്റെ ചുമതലയുണ്ടായിരുന്നതിനാൽ കേരളവുമായി ആത്മബന്ധമുണ്ടെന്നും ഗവർണർ പറഞ്ഞു.
പിറന്നാൾ ദിനത്തിലാണ് ഗവർണർ സന്ദർശനത്തിനെത്തിയത്. പിറന്നാൾ ആശംസകൾ നേർന്ന കാതോലിക്കാ ബാവാ, മലങ്കരസഭയുടെ പിറന്നാൾ സമ്മാനമായി ഗവർണർക്ക് ആറൻമുള കണ്ണാടി സമ്മാനിച്ചു. സഭ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. തന്റെ മുൻഗാമിയുടെ ഓർമ്മക്കായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കമിട്ട സഹോദരൻ ജീവകാരുണ്യ പദ്ധതി ഗവർണർ പ്രത്യേകം പരമാർശിച്ചു. കണ്ടനാട് ഭദ്രാസനത്തിൽ ബാവാ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും പൊതുസമൂഹത്തിന് ഗുണപരമാണ്. പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുകയെന്നത് ജീവിതധർമ്മമാണ്. മഹാരാഷ്ട്രയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി വികസിപ്പിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതായും ഗവർണർ സൂചിപ്പിച്ചു.
മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ മഹാരാഷ്ട്ര ഗവർണറെ വൈദിക ട്രസ്റ്റി ഫാ. ഡോ . തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

