മഹാരാജാസ് അധ്യാപകന് അപമാനം; സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നു
text_fieldsകൊച്ചി: വിദ്യാർഥികൾ ക്ലാസ് മുറിയിൽ അപമാനിച്ചെന്ന എറണാകുളം മഹാരാജാസ് കോളജ് അധ്യാപകൻ ഡോ. പ്രിയേഷിന്റെ പരാതി അന്വേഷിക്കാൻ കോളജ് കൗൺസിൽ കമീഷനെ നിയോഗിച്ചു. ഭിന്നശേഷി വിഭാഗക്കാരുടെ അവകാശം ഉറപ്പുവരുത്തുന്ന ആർ.പി.ഡബ്ല്യു.ഡി ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു. പരാതി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോളജ് കൗൺസിൽ സെക്രട്ടറി ഡോ. ടി.വി. സുജ കൺവീനറും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വകുപ്പ് മേധാവി ഡോ. അബ്ദുല്ലത്തീഫ് കോഴിപ്പറമ്പൻ എന്നിവർ അംഗങ്ങളുമായ കമീഷനെയാണ് നിശ്ചയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. സ്പെൻഷന് വിധേയരായ കെ.എസ്.യു നേതാക്കൾ ആരോപണം നിഷേധിക്കുകയും സംഭവം വഴിതിരിച്ചുവിട്ടതിൽ എസ്.എഫ്.ഐയുടെയും കോളജിലെ ഇടതുസംഘടന നേതാക്കളുടെയും ഗൂഢാലോചന ആരോപിക്കുകയും ചെയ്യുന്നതിനിടെയാണിത്.
പരാതിയിൽ പൊലീസ് സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. ഡോ. പ്രിയേഷിൽനിന്ന് വിവരങ്ങൾ ശേഖരിച്ച സ്പെഷൽ ബ്രാഞ്ച് വ്യാഴാഴ്ച റിപ്പോർട്ട് നൽകും. കോളജിന്റെ പരാതി ബുധനാഴ്ച വൈകിയാണ് പൊലീസിൽ എത്തിയത്.
പഠിപ്പിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നതടക്കം പ്രവർത്തികളിൽ ഏർപ്പെടുകയുമായിരുന്നു വിദ്യാർഥികൾ. ക്ലാസിൽ കുട്ടികൾ ആർത്തുചിരിക്കുന്നതടക്കമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അധ്യാപകനെ പരിഹസിച്ച് അട്ടഹസിക്കുന്നതായി ആരോപിച്ച് ക്ലാസിൽ വൈകിയെത്തിയ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫസൽ അടക്കം ആറ് വിദ്യാർഥികൾ സസ്പെൻഷനിലാണ്. കാഴ്ചപരിമിതനായ താൻ പൊളിറ്റിക്കൽ സയൻസ് ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ കയറിവരുകയും പിന്നിൽനിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്.
ഭിന്നശേഷി വിഭാഗക്കാർക്ക് അന്തസ്സോടെ ജോലി ചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തുന്നതും അവരുടെ പരിമിതിയെ ചൂഷണം ചെയ്യുന്നതും ആക്ഷേപിക്കുന്നതും ശിക്ഷാർഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നതുമാണ് 2016ൽ പാർലമെന്റ് പാസാക്കിയ ആർ.പി.ഡബ്ല്യു.ഡി ആക്ട്. ഈ നിയമമനുസരിച്ച് നടപടിയെടുക്കണമെന്നും അന്തസ്സോടെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കി തരണമെന്നും അധ്യാപകൻ അഭ്യർഥിച്ചത് പ്രകാരമാണ് കോളജ് നടപടി. ഫാസിലിനെ കൂടാതെ നന്ദന സാഗർ, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നസ്ലം എന്നീ വിദ്യാർഥികളാണ് സസ്പെൻഷനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

