മഹാബലിയുടെ രൂപം; യാഥാർഥ്യം പ്രചരിപ്പിക്കാൻ ബോധവത്കരണത്തിന് ചർച്ചകൾ സജീവം
text_fieldsകൊച്ചി: കുടവയറും തള്ളി ഹാസ്യ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാബലിയുടെ രൂപം തെറ്റാണെന്ന ബോധ്യം ആളുകളിൽ വരുത്തേണ്ടിയിരിക്കുന്നു എന്ന ചർച്ചകൾ സജീവമാകുന്നു. യോദ്ധാവായ അദ്ദേഹം ആകാര വടിവിലും ആരോഗ്യത്തിലും മികച്ച രാജാവായിരുന്നു. കൃത്യമായ അദ്ദേഹത്തിെൻറ രൂപം തിരുവിതാംകൂർ രാജാവ് ഉത്രാടം തിരുനാൾ വരച്ചതാണെന്ന് ബോധ്യമാക്കേണ്ടിയിരിക്കുന്നുവെന്നാണ് സാമൂഹിക ചരിത്ര ഗവേഷകർ പറയുന്നത്.
ദേവസ്വം ബോർഡ് തന്നെ ഇടപെട്ട് മഹാബലിയുടെ പൂർണകായ വെങ്കല പ്രതിമ തൃക്കാക്കര ക്ഷേത്ര സങ്കേതങ്ങൾക്ക് പുറത്തായി സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇത് മഹാബലിയുടെ കൃത്യമായ രൂപമായിരിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. തൃക്കാക്കരയിൽ സ്ഥാപിക്കുന്ന പ്രതിമ ഉത്രാടം തിരുനാൾ മഹാരാജാവ് വരച്ച ചിത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ പറഞ്ഞു. സവർണ മേധാവിത്വത്തിന് വേണ്ടി വാദിക്കുന്നവരുടെ ചിന്തയുടെ ഫലമാണ് തെറ്റായ അഭിപ്രായങ്ങൾ ഉയർന്ന് വരുന്നത്.
തെറ്റായ രൂപത്തിൽ മഹാബലിയെ പ്രദർശിപ്പിക്കുന്ന രീതിക്കെതിരെ ഹൈകോടതിയെ താൻ വ്യക്തിപരമായി സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കണ്ട ഏറ്റവും ജനകീയനും പ്രഗല്ഭനുമായ ഭരണാധികാരിയായിരുന്നു മഹാബലി. അസുരരാജാവ് എന്ന് മുദ്രകുത്തി ചക്രവർത്തിയുടെ മഹത്ത്വം കെടുത്താൻ ശ്രമിക്കുന്നതും ശരിയായ പ്രവണതയല്ല. മനുഷ്യകുലത്തെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണോ ഈ വൈകി ഉദിച്ച ബുദ്ധിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോദ്ധാവായിരുന്ന അദ്ദേഹത്തെ ചില ഹാസ്യ സിനിമ താരങ്ങളുടെ രൂപത്തോട് സാദൃശ്യപ്പെടുത്തുന്നത് തെറ്റാണെന്ന് മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ന് കാണുന്ന നിറമോ രൂപമോ ആയിരുന്നില്ല അദ്ദേഹത്തിേൻറത്. ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരുടേതിന് സമാനമായ നീല നിറമായിരുന്നു മഹാബലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
