പ്രതിയുടെ സാന്നിധ്യം അസാധ്യമായ കേസുകളിലെ നടപടികൾ മജിസ്ട്രേറ്റുമാർക്ക് അവസാനിപ്പിക്കാം -ഹൈകോടതി
text_fieldsകൊച്ചി: പെറ്റി കേസുകളിലെന്നപോലെ സമൻസ് കേസുകളിലും പ്രതിയെ കണ്ടെത്താനാവില്ലെന്ന് പൂർണ ബോധ്യമുള്ള സാഹചര്യത്തിൽ കേസുകളിലെ നടപടികൾ അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് ഹൈകോടതി. വിലാസം അപൂർണമോ വ്യാജമോ ആണെങ്കിൽ പ്രതിയെ കണ്ടെത്തുകയെന്നത് അപ്രായോഗികമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പ്രതികളെ കണ്ടെത്തി കോടതിയിൽ സാന്നിധ്യം ഉറപ്പാക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ മാത്രം 1.59 ലക്ഷം കേസുകൾ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച് വിഷയം തീർപ്പാക്കാൻ മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ശിപാർശ ചെയ്തത് പ്രകാരം സ്വമേധയാ എടുത്ത ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രതികളുടെ വിലാസം കൃത്യമല്ലാത്തതടക്കം ഗുരുതര അപാകതകൾ മൂലം തുടർ നടപടികൾ അസാധ്യമായ അവസ്ഥയിൽ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് വിവേചനാധികാരം നൽകുന്ന ക്രിമിനൽ നടപടിക്രമം 258 ബാധകമാക്കുന്നത് സംബന്ധിച്ചാണ് കോടതി പരിശോധിച്ചത്.പെറ്റി കേസുകളിൽ മാത്രമല്ല, സമൻസ് കേസുകളുടെ കാര്യത്തിലും പ്രതിയെ ഹാജരാക്കാൻ ഒരു സാധ്യതയുമില്ലെന്നിരിക്കെ വിചാരണയുടെ ഏത് ഘട്ടത്തിൽ പോലും കേസിലെ നടപടികൾ അവസാനിപ്പിക്കാൻ സി.ആർ.പി.സി 258 പ്രകാരം അധികാരമുണ്ടെന്ന വാദവും ഉയർന്നു.
സമൻസ് കേസിലാണെങ്കിലും കൂടുതൽ കാലം ദീർഘിപ്പിച്ച് കൊണ്ടുപോകാൻ മജിസ്ട്രേറ്റ് ബാധ്യസ്ഥനല്ല. കേസുകൾ കുന്നുകൂടുന്നത് തടയുകയും കോടതികളുടെ സമയം പാഴാക്കുന്നത് ഒഴിവാക്കുകയും സാമ്പത്തിക നഷ്ടം കുറക്കുകയുമാണ് സി.ആർ.പി.സി 258 പ്രകാരമുള്ള നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന വാദവുമുയർന്നു. എന്നാൽ, ഇത്തരത്തിൽ കേസ് അവസാനിപ്പിക്കുന്നത് പ്രതിയെ കുറ്റമുക്തമാക്കുന്നതിന് തുല്യമാണെന്ന് വിലയിരുത്തിയ കോടതി, അസാധാരണവും അപൂർവവുമായ സാഹചര്യത്തിലേ മജിസ്ട്രേറ്റുമാർ ഈ അധികാരം വിനിയോഗിക്കാവൂവെന്ന് വ്യക്തമാക്കി.
ഒരിക്കൽ വിചാരണ തുടങ്ങിയാൽ ശിക്ഷിക്കുന്നതിലോ വെറുതെവിടലിലോ അത് അവസാനിക്കണമെന്നാണ് നിയമം. എന്നാൽ, ഇതിൽനിന്ന് ഇളവ് അനുവദിക്കുന്നതാണ് സി.ആർ.പി.സി 258 പ്രകാരമുള്ള അധികാരം.
യുക്തിസഹമായി മനസ്സിരുത്തി സാഹചര്യങ്ങളും വസ്തുതകളും പരിഗണിച്ചും കാരണം രേഖപ്പെടുത്തിയും വേണം അധികാരം നടപ്പാക്കാൻ. പ്രതി ഒളിവിലായ സാഹചര്യത്തിലോ സമൻസ് പറ്റാതിരിക്കാൻ ശ്രമം നടത്തുന്ന കേസിലോ ഈ ഇളവ് സാധ്യമല്ല.
മജിസ്ട്രേറ്റുമാർ ഈ അധികാരം വിനിയോഗിക്കുന്നതിന് പ്രതിയെ കണ്ടെത്താൻ പരമാവധി ശ്രമിച്ചിട്ടും കണ്ടെത്താനായില്ലെന്ന പ്രോസിക്യൂഷൻ റിപ്പോർട്ടുണ്ടാകണം. പ്രോസിക്യൂഷൻ പരമാവധി ശ്രമിച്ചുവെന്ന് കോടതിക്ക് ബോധ്യപ്പെടുകയും വേണം.
പ്രതിയെ കണ്ടെത്താൻ മുടക്കേണ്ടിവരുന്ന തുക കുറ്റകൃത്യത്തിന്‍റെ ശിക്ഷയായി ലഭിക്കുന്ന തുകയെക്കാൾ മൂല്യമേറിയാണെന്ന് ബോധ്യപ്പെട്ടാലും മജിസ്ട്രേറ്റുമാർക്ക് ഈ അധികാരം ഉപയോഗിക്കാം. സമൻസ് കേസുകളിലും എല്ലാ ശ്രമവും നടത്തിയിട്ടും പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ സാധ്യമായില്ലെന്ന് ബോധ്യപ്പെട്ടാലും ഈ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി നന്ദഗോപാൽ എസ്. കുറുപ്പ്, സീനിയർ ഗവ. പ്ലീഡർ എസ്.യു. നാസർ എന്നിവരാണ് കേസിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

