കന്നുകാലി കടത്തിന് മാഫിയ ഭീഷണി, ‘സുനാമി ഇറച്ചി’യുടെ വരവും വർധിച്ചു; സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരം പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കന്നുകാലി കടത്ത് തടഞ്ഞു പണം പിടുങ്ങാൻ അന്യ സംസ്ഥാനങ്ങളിൽ മാഫിയ സജീവമാവുകയും ഗുണമേന്മ കുറഞ്ഞ ‘സുനാമി ഇറച്ചി’യുടെ വരവ് വർധിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ. അനധികൃത കന്നുകാലി ജപ്തികളും വൈകാരിക വിഷയങ്ങളും ഉയർത്തി ചില സംഘടനകൾ സൃഷ്ടിക്കുന്ന തടസ്സങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം.
കോട്ടയം, ഇടുക്കി ജില്ലകളിലായി 700ലധികം ഇറച്ചിക്കടകൾ വെള്ളിയാഴ്ച മുതൽ അടച്ചു. അനധികൃത ജപ്തി ഒഴിവാക്കാമെന്ന പേരിൽ ആന്ധ്രയിൽ 12ലേറെയെും തമിഴ്നാട്ടിൽ നാലും സംഘങ്ങൾ മൊത്ത വ്യാപാരികളിൽനിന്ന് വൻ പിരിവാണു നടത്തുന്നത്. 1,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. കന്നുകാലി കടത്തിനു വേണ്ട ആരോഗ്യ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ജനുവരിയിൽ ആന്ധ്ര മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതോടെ കൂടുതൽ തടസ്സം സൃഷ്ടിക്കാൻ മാഫിയക്ക് അവസരമൊരുങ്ങി.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന കന്നുകാലികൾക്ക് ആന്ധ്രയിൽ പൊലീസ് ഉൾപ്പെടെ സംവിധാനങ്ങൾ വഴി തടസ്സം നേരിടുന്നതായും മീറ്റ് ഇൻഡസ്ട്രിസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.
ഒഡിഷയിൽനിന്ന് കന്നുകാലി വരവ് ഏതാണ്ട് നിലച്ചു. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതുമൂലം നിരവധി ചെറുകിട വ്യാപാരികൾക്ക് വ്യാപാരം നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റദിവസം ഏകദേശം 600 കന്നുകാലികളെ പിടിച്ചെടുത്തത് അടുത്തിടെയാണ്. കന്നുകാലി കടത്തിന് യാത്രാമധ്യേ തടസ്സം നേരിട്ടാൽ സംരക്ഷണം ഉറപ്പാക്കണമെന്നും രാജ്യത്തെ എല്ലാ ജില്ല പൊലീസ് മേധാവികളെയും നോഡൽ ഓഫിസർമാരായി നിയമിച്ചിട്ടുണ്ടെന്നും 2018ൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാംസവ്യാപാരത്തിൽ മാത്രമല്ല, ഭാവിയിൽ പാൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
അഞ്ചു വർഷം മുമ്പ് വരെ പ്രതിമാസം ഏകദേശം ഒന്നര ലക്ഷം കന്നുകാലികൾ കേരളത്തിലെത്തിയിരുന്നു. ജനുവരി അവസാനം മുതൽ ഇത് അരലക്ഷത്തിൽ താഴെയായി. ഇപ്പോഴതു വീണ്ടും ഇടിയുകയാണ്. കേരളത്തിലേക്ക് കന്നുകാലികളുടെ പ്രവേശന ഫീസ് പത്തിൽനിന്ന് 80 രൂപയായി വർധിപ്പിച്ച ശേഷം ആർ.പി ചെക്ക്‌പോസ്റ്റിലെ പരിശോധന കാര്യക്ഷമമല്ലാതായതായും പരാതിയുണ്ട്. ഇതിനൊപ്പമാണ് അറവ് നിരോധിച്ച സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തുന്ന ‘സുനാമി ഇറച്ചി’ സൃഷ്ടിക്കുന്ന പ്രതിസന്ധി. പ്രതിദിനം രണ്ടുലക്ഷം കിലോയോളം ഇറച്ചി ഇങ്ങനെ എത്തുന്നതായാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

