1,500ന്‍റെ നിറവിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പ്; മലയാളത്തെ തിരുത്തിയെഴുതിയ 1500 ആഴ്ചകൾ
text_fieldsകോഴിക്കോട്: ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്‍റെ 1,500ാം ലക്കം തിങ്കളാഴ്ച വിപണിയിൽ. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ മാറ്റിയെഴുതിയ 1,500 ആഴ്ചകൾ പിന്നിട്ടാണ് ആഴ്ചപ്പതിപ്പ് ജൈത്രയാത്ര തുടരുന്നത്.
1998 ഫെബ്രുവരി 20നാണ് ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കം പുറത്തുവന്നത്. 2017 മേയ് ഒന്നിന് ആയിരാമത്തെ ലക്കത്തിലേക്ക് എത്തിയ ആഴ്ചപ്പതിപ്പ് മുപ്പതാം വാർഷികത്തിലേക്ക് നടന്നടുക്കുകയാണ്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണനായിരുന്നു ആദ്യ പത്രാധിപർ. അദ്ദേഹവും പിന്നാലെ വന്ന പ്രഗൽഭമതികളായ പത്രാധിപരും വരച്ചുകാട്ടിയ നേരിന്‍റെ പാതയിലൂടെയാണ് ആഴ്ചപ്പതിപ്പ് എന്നും സഞ്ചരിച്ചത്.
വായനക്കാരോട് മാത്രമുള്ള ഉത്തരവാദിത്തം ആഴ്ചപ്പതിപ്പ് എന്നും മുറുകെപ്പിടിച്ചു. അധികാരത്തിന്റെ വക്താക്കളാകാതെ എന്നും പ്രതിപക്ഷത്ത് നിലയുറപ്പിച്ചു. അനീതികളെ തുറന്നുകാട്ടുകയും ജനകീയ സമരങ്ങൾക്കൊപ്പം കൈകോർക്കുകയും ചെയ്തു. ഫാഷിസത്തോട് വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുനിന്നു. മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിച്ചില്ല. മലിനീകരണവും പരിസ്ഥിതി നശീകരണവുമെല്ലാം മടികൂടാതെ വിളിച്ചുപറഞ്ഞു.
ന്യൂനപക്ഷങ്ങൾ നേരിടുന്ന ജനാധിപത്യ വിരുദ്ധതയെ കൃത്യമായി അടയാളപ്പെടുത്തി. ഗോത്രവിഭാഗങ്ങളുടെയും ദലിത് ജനവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടങ്ങളിൽ ഒപ്പംനിന്നു. പുതിയ എഴുത്തുകാർക്കും പുതിയ രചനകൾക്കും ഇടം നൽകി. പുതിയ കാലത്തിനനുസരിച്ച് മൂല്യങ്ങളിൽ ഉറച്ചുനിന്ന് നവീകരിച്ച് ആദ്യ എ.ഐ പതിപ്പ് പുറത്തിറക്കി. മലയാളം മാത്രമല്ല കേരളം എന്ന് വ്യക്തമാക്കി ഗോത്രഭാഷകളെയും മുന്നിലേക്ക് കൊണ്ടുവന്നു. ചരിത്രത്തെ പലവട്ടം തിരുത്തിയെഴുതി. അറിയപ്പെടാതെ കിടന്ന ചരിത്ര രേഖകളും തെളിവുകളും കണ്ടെടുത്തു...
‘മലയാളത്തെ തിരുത്തിയെഴുതിയ 1500 ആഴ്ചകൾ’ എന്ന കവർ ചിത്രത്തോടെ ഇറങ്ങുന്ന പുതിയ ലക്കത്തിൽ ‘എക്സ്ക്ലൂസിവ്’ അടക്കം വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളുണ്ട്.

