തസ്കിയക്ക് ആദരാഞ്ജലി അർപ്പിച്ച് ‘മാധ്യമം’
text_fieldsകണ്ണൂർ: ജീവിത പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട് കീഴടക്കി നിരവധിപേരുടെ ഹൃദയങ്ങളിൽ പ്രചോദനം നിറച്ച് വിടവാങ്ങിയ ഫാത്തിമ തസ്കിയക്ക് ആദരാഞ്ജലികൾ നേർന്ന് മാധ്യമം. കണ്ണൂരിൽ നടക്കുന്ന മാധ്യമം എജുകഫെയുടെ ഉദ്ഘാടന സെഷനിലാണ് തസ്കിയക്ക് ആദരാഞ്ജലികളർപ്പിച്ചത്. അധ്യക്ഷ പ്രസംഗത്തിൽ മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് ഫാത്തിമ തസ്കിയയെ അനുസ്മരിച്ചു. മന്ത്രി കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു മൗന പ്രാർഥനയും അനുസ്മരണവും.
കഴിഞ്ഞ വർഷം കോട്ടക്കൽ, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിൽ നടന്ന എജ്യൂകഫേകളിൽ തസ്കിയ സെഷൻ അവതരിപ്പിച്ചിരുന്നു. പരാജയങ്ങൾക്കൊടുവിലും ജീവിത പ്രയാസങ്ങൾക്കിടയിലും തളരാതെ ‘നീറ്റ്’ എഴുതി കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അനുഭവങ്ങൾ സദസ്സിനെ കരയിപ്പിച്ചിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ഉമ്മയെ രക്ഷിച്ച ഡോക്ടറെ പോലെയാകണമെന്നും നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തണമെന്നുമുള്ള ആഗ്രഹമാണ് പരാജയങ്ങളോട് അടിയറവ് പറയാതെ നീറ്റ് പരീക്ഷയിൽ വിജയിക്കാൻ തസ്കിയയെ പ്രാപ്തയാക്കിയത്.

