പായസപ്പെരുമയിൽ കന്യാകുമാരി; ‘മാധ്യമം’ പായസപ്പെരുമ മത്സരത്തിൽ ഫാത്തിമ ഷീബക്ക് ഒന്നാം സ്ഥാനം
text_fieldsകോഴിക്കോട് ലുലുമാളിൽ മാധ്യമം ഒരുക്കിയ പായസപ്പെരുമ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കന്യാകുമാരി സ്വദേശിനി ഫാത്തിമ ഷീബ, യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനം നേടിയ തലശ്ശേരി സ്വദേശിനി സമീന അബ്ദുൽ നിസാർ, ചെറൂപ്പ സ്വദേശിനി ജസീമ മുബഷീർ, താമരശ്ശേരി സ്വദേശിനി രഹ്ന മുഹമ്മദ് തുടങ്ങിയവർ വിശിഷ്ടാതിഥികൾക്കൊപ്പം
കോഴിക്കോട്: പായസത്തിന്റെ വ്യത്യസ്ത രുചിഭേദങ്ങൾ തേടി ‘മാധ്യമം’ നടത്തിയ പായസപ്പെരുമ മത്സരത്തിൽ കന്യാകുമാരി സ്വദേശിനി ഫാത്തിമ ഷീബ ടൈറ്റിൽ വിന്നറായി. രുചിയുടെ മികവിനായി വാശിയോടെ മാറ്റുരച്ച ആയിരത്തിൽപരം പേരിൽനിന്ന് രണ്ടാംഘട്ടത്തിൽ പത്തുപേരെ കണ്ടെത്തുകയായിരുന്നു.
ഇവരുടെ മത്സരത്തിൽനിന്ന് നാലുപേരെ തെരഞ്ഞെടുത്ത് കോഴിക്കോട് ലുലുമാളിൽ നടത്തിയ ലൈവ് കുക്കിങ്ങിലാണ് പാചകപ്പോരാട്ടത്തിനപ്പുറം കേരളത്തിന്റെ പായസപ്പെരുമയുടെ മഹോത്സവമായി മാറിയ മത്സരത്തിൽ വില്ലേജ് ഓഫിസറായ ഫാത്തിമ ഷീബ ഒന്നാംസ്ഥാനം നേടിയത്. 50 മിനിറ്റ് ദൈർഘ്യമേറിയതായിരുന്നു മത്സരം. തലശ്ശേരി സ്വദേശിനി സമീന അബ്ദുൽ നിസാർ ഫസ്റ്റ് റണ്ണറപ്പായി. ഫാഷൻ ഡിസൈനറായ മാവൂർ ചെറൂപ്പ സ്വദേശിനി ജസീമ മുബഷീർ മൂന്നാം സ്ഥാനം നേടി. താമരശ്ശേരി സ്വദേശിനി രഹ്ന മുഹമ്മദ് നാലാം സ്ഥാനവും നേടി.
ലൈവ് കുക്കിങ്ങിന് തെരഞ്ഞെടുത്തവർക്ക് പായസത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാൻ 30 മിനിറ്റ് അനുവദിക്കുകയും പാനലിന്റെ രഹസ്യ ചേരുവയായ ഈത്തപ്പഴം ചേർത്ത് പായസമൊരുക്കാൻ നിർദേശിക്കുകയുമായിരുന്നു. മധുരക്കിഴങ്ങുചേർത്തുള്ള പായസമൊരുക്കിയാണ് ഫാത്തിമ ഷീബ ഒന്നാംസ്ഥാനം നേടിയത്.
ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത പായസ റെസിപ്പികൾ കണ്ടെത്താൻ പായസപ്പെരുമ മത്സരത്തിലൂടെ കഴിഞ്ഞെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പായസമില്ലാതെ മലയാളികൾക്ക് ഓണത്തെക്കുറിച്ച് ഓർക്കാൻപോലും കഴിയില്ലെന്നും രുചിഭേദങ്ങളോടെ പായസമൊരുക്കാൻ പായസപ്പെരുമക്ക് കഴിഞ്ഞെന്നും അവർ പറഞ്ഞു.
ഷെഫ് പിള്ള, പാരഗൺ കോർപറേറ്റ് ഷെഫ് തോമസ്, ലുലു മാൾ എക്സിക്യൂട്ടിവ് ഷെഫ് തിരുവെങ്കിട്ടസ്വാമി എന്നിവരടങ്ങിയ പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. പാചകതൽപരരായ വീട്ടമ്മമാരെ വളർത്തിക്കൊണ്ടുവരുന്നതിൽ ‘മാധ്യമം’വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ഷെഫ് പിള്ള പറഞ്ഞു.
ജേതാക്കൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിദ്യ ബാലകൃഷ്ണൻ എം.എൽ.എ നൽകി. വിജയികളെ ഷെഫ് പിള്ളെ കിരീടമണിയിച്ചു. വിജയികൾക്കുള്ള നക്ഷത്ര ജ്വല്ലറി സ്വർണ നാണയം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം നൽകി. ഇംപക്സ് മാർക്കറ്റിങ് കോഓഡിനേറ്റർ സവാദും മിൽമ മാർക്കറ്റിങ് മാനേജർ എം. സജീഷും സ്നേഹസമ്മാനങ്ങൾ നൽകി. ലുലുമാൾ കോഴിക്കോട് റീജനൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ഓർബിസ് ബിസിനസ് ഹെഡ് സലീം വടക്കൻ, ലുലു ഫാഷൻ സ്റ്റോർ മാനേജർ റമീസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

