മഞ്ചേരി മെഡിക്കൽ കോളജിന് മാധ്യമം ഹെൽത്ത് കെയർ ഡയാലിസിസ് മെഷീൻ സമർപ്പിച്ചു
text_fieldsമാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകുന്ന ഡയാലിസിസ് മെഷീന്റെ സമർപ്പണം മാധ്യമം ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ.കെ. സിറാജ് അലിയും അഡ്വ. എം.റഹ്മത്തുല്ല എം.എൽ.എയും ചേർന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കർ നാലകത്തിന് കൈമാറി നിർവഹിക്കുന്നു
മലപ്പുറം: സാധാരണക്കാരായ വൃക്കരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ്, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി. തിങ്കളാഴ്ച രാവിലെ 9.30ന് ആശുപത്രി അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എയും മാധ്യമം ചീഫ് ഫിനാൻഷ്യൽ ഓഫിസർ എ.കെ. സിറാജ് അലിയും ചേർന്ന് മെഷീൻ സമർപ്പണം നിർവഹിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കർ നാലകത്ത് ഏറ്റുവാങ്ങി.
കേരളത്തിന്റെ സാംസ്കാരിക തനിമ ഉയർത്തിപ്പിടിക്കുന്നതിൽ എക്കാലത്തും മുമ്പന്തിയിലുള്ള ‘മാധ്യമം’ പത്രത്തിന്റെ കീഴിൽ ഹെൽത്ത് കെയർ ട്രസ്റ്റ് നടത്തിവരുന്ന നാനാവിധത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ പറഞ്ഞു.
എ.കെ. സിറാജ് അലി അധ്യക്ഷത വഹിച്ചു. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലിം പ്രോജക്ട് വിശദീകരണം നടത്തി. ഡയാലിസിസ് മെഷീൻ സമർപ്പണവുമായി ബന്ധപ്പെട്ട് മാധ്യമം പുറത്തിറക്കിയ സപ്ലിമെന്റ് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. സ്മിത വിജയന് നൽകി സോളിഡാരിറ്റി സേവനകേന്ദ്രം ചെയർമാൻ തൗഫീഖ് മമ്പാട് പ്രകാശനം ചെയ്തു.
മഞ്ചേരി നഗരസഭ കൗൺസിലർമാരായ രാധാകൃഷ്ണൻ, ഷെറീന ജൗഹർ, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് വൈസ് പ്രസിഡന്റ് സഹീർ കോർമത്ത്, മാധ്യമം മഞ്ചേരി ഏരിയ രക്ഷാധികാരി സലാം ഹസൻ, പൊതുപ്രവർത്തകൻ ഹമീദ് കൊടവണ്ടി എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് പി.ആർ.ഒ അയ്യൂബ്, മാധ്യമം സർക്കുലേഷൻ മാനേജർ അബ്ദുൽ ഗഫൂർ, എ.എഫ്.സി നജീബ്, സേവന കേന്ദ്രം പ്രതിനിധി ഹസനുൽ ബന്ന, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല, സി.ഡി.ഒമാരായ മുനീബ്, ജോസഫ് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.എസ്. ഷീന സ്വാഗതവും മാധ്യമം മലപ്പുറം ബ്യുറോ ഇൻ ചാർജ് കെ.പി. യാസിർ നന്ദിയും പറഞ്ഞു.
ഗുരുതര രോഗങ്ങൾ ബാധിച്ച നിർധന രോഗികൾക്ക് സാമ്പത്തിക സഹായവും അനുബന്ധ സേവനങ്ങളും നൽകുന്ന മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ലക്ഷ്യം മുൻനിർത്തി ഇതിനകം എട്ട് ഡയാലിസിസ് മെഷീനുകൾ വിവിധ ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. ഒമ്പതാമത്തെ ഡയാലിസിസ് മെഷീനാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

