സംഗീതമഴയൊരുക്കി മാധ്യമം ‘ഹാർമോണിയസ് കേരള’ മെഗാഷോ
text_fieldsഅന്തരിച്ച ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലികളർപ്പിച്ച് ഹാർമോണിയസ് കേരളയിൽ
നജീം അർഷാദിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ആലപിക്കുന്നു
തിരുവനന്തപുരം: അപ്രതീക്ഷതമായി ലഭിച്ച വേനൽമഴക്കൊപ്പം സംഗീതമഴയൊരുക്കി മാധ്യമം ‘ഹാർമോണിയസ് കേരള’ മെഗാഷോ. തലസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഓർമപ്പെടുത്തുന്ന ആഖ്യാനത്തിലൂടെ അവതാരകൻ മിഥുൻ മെഗാഷോയെ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. വേദമിത്രയുടെ മാസ്മരിക വയലിൻ ഫ്യൂഷനിലൂടെ കലാവിരുന്നിന് തുടക്കമായി.
ഹാർമോണിയസ് കേരള കാണാനെത്തിയവർ
തലസ്ഥാനത്തിന്റെ പൂർവിക കലാകാരന്മാരായ ഇരയിമ്മൻ തമ്പിക്കും സ്വതിതിരുനാളിനുമൊപ്പം നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ചായിരുന്നു ആരംഭം.
ഇരയിമ്മൻതമ്പിയുടെ പ്രസിദ്ധ താരാട്ട് പാട്ട് ‘ഓമന തിങ്കൾ കിടാവേ’ ആലപിച്ച് ചിത്ര അരുൺ സദസ്സിന്റെ ഹൃദയം കവർന്നു. സ്വാതിതിരുനാളിന്റെ തില്ലാന എന്ന് തുടങ്ങുന്ന കീർത്തനം ആലപിച്ച് നജീം അർഷാദ് വേദിയെ ശാസ്ത്രീയ സംഗീതത്തിന്റെ പ്രൗഡിയിലേക്കുയർത്തി. തൊട്ടുപിന്നാലെ ‘ഹാർമോണിയസ് കേരള’യുടെ തീം സോങ്ങുമായി മുഴുവൻ ഗായകസംഘവും ഒരുമിച്ചപ്പോൾ ആസ്വാദനത്തിന്റെ നിറവേദി സംഗീതസാന്ദ്രമായി.
‘കണ്ണിണുള്ളിൽ നീ’ എന്ന് തുടങ്ങുന്ന ഗാനത്തോടെ നജീം പാട്ടിന്റെ പാലാഴി തീർത്തു. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ അടുത്തിടെ തരംഗമായ ‘അങ്ങുവാന കോണിലെ’ എന്ന ഗാനം ചിത്ര അരുൺ ആലപിച്ചു.
ശിഖ, അസ്ലം, ലിബിൻ എന്നിവർ വ്യത്യസ്ത ഗാനങ്ങളിലൂടെ വേദി ഇളക്കിമറിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചു. ചലച്ചിത്രതാരം രമേശ് പിഷാരടിയും മിഥുനും ചേർന്ന് ജയചന്ദ്രന്റെ സംഗീത ജീവിതത്തെ വാക്കുകൾ കൊണ്ട് അനാവരണം ചെയ്തു. നടൻ മമ്മൂട്ടിയുടെ വിഡിയോ സന്ദേശവും പ്രദർശിപ്പിച്ചു. പി. ജയചന്ദ്രന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ പ്രധാന ഗാനങ്ങൾ കോർത്തിണിക്കി അവതരിപ്പിച്ച ട്രിബ്യൂട്ട് ഓർമപ്പൂക്കളായി.
നീ മണിമുകിലാടകൾ -ലിബിൻ, ശിഖ, മറന്നിട്ടുമെന്തിനോ -അസ്ലം, പ്രേമിക്കുമ്പോൾ -ലിബിൻ, ചിത്ര, രാസാത്തി ഉന്നൈ -ശിഖ, ഒരു ദൈവംതന്ത -ചിത്ര, പല്ലവി, എന്തേ ഇന്നും വന്നില്ല -നജീം എന്നീ ഗാനങ്ങളാണ് ആസ്വാദക മനസ്സേറിയത്.
ഇതിനിടെ, സ്പോട്ട് ഡബ്ബിങ് കലാകാരൻ മഹേഷ് കുഞ്ഞുമോൻ ശബ്ദാനുകരണത്തിന്റെ പുത്തൻ അനുഭവം വേദിയിലെത്തിച്ചു.
മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച മിമിക്രി ഷോ
മലയാളികളുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഏതാനും പാട്ടുകളിലൂടെ ഗായകസംഘം വീണ്ടും വേദിയിലെത്തി. വാചാലം- ലിബിൻ, മേലേ പൂമല -അ്സലം-ശിഖ, ദീവാന ഹോ ബാദൽ -നജീം, ചിത്ര, നീയെൻ കിനാവോ അസ്ലം -ശിഖ, രുക്ജാ -നജീം, രാക്കോലം -ശിഖ ചിത്ര, റമ്പമ്പം എന്നീ പാട്ടുകളിലൂടെ സദസ്സ് ആഘോഷിച്ചു.
നജീമിന്റെ ഗോൾഡൻ ഗാനങ്ങളായ ഓമന താമര, തൊട്ടുതൊട്ടു തുടങ്ങിയ ഗാനങ്ങളും ആലപിച്ചു.
കസ്തൂരി തൈലമിട്ടു, നാദാപുരം കോട്ട, ഒരുകൊട്ട തുടങ്ങിയ പഴയകാല ഒപ്പനപ്പാട്ടുകളും സദസ്സിന് കോരിത്തരിപ്പേകി.
ഗായകൻ കെ.ജെ. യേശുദാസിനുള്ള ജന്മദിന സമ്മാനമായും അന്തരിച്ച എം.ടി. വാസുദേവൻ നായർക്കുള്ള പ്രണാമമായും ആദ്യ ഉഷസന്ധ്യ എന്ന ഗാനത്തോടെ സംഗീതവിരുന്നിന് കൊടിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

