പാഠമായി മധ്യപ്രദേശും രാജസ്ഥാനും; കേരളത്തിൽ ജനവികാരത്തിനൊപ്പം നിന്നു
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് നയിച്ചവരെ മാറ്റി അവസാന നിമിഷം നൂലിൽ കെട്ടിയിറങ്ങുന്ന സമീപകാലത്തെ കോൺഗ്രസ് രാഷ്ട്രീയ പരീക്ഷണങ്ങളുടെ കറുത്ത അനുഭവങ്ങൾ ഇക്കുറി കേരളത്തിലെ മുഖ്യമന്ത്രി നിർണയത്തിൽ ഹൈകമാൻഡിന് ‘റഫറൻസ് നോട്ടായി’. മധ്യപ്രദേശ് മുതൽ രാജസ്ഥാൻ വരെ നീളുന്നതാണ് തിരിച്ചടിയുടെ സമീപകാല നേർചിത്രങ്ങൾ.
2018ലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യയാണ് തെരഞ്ഞെടുപ്പിനെ നയിച്ചത്. 114 സീറ്റിലെ തിളക്കമേറിയ വിജയമായിരുന്നു കോൺഗ്രസിന്. ബി.ജെ.പിക്ക് 109 സീറ്റും. ബി.എസ്.പി സഹായത്തോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചപ്പോൾ പക്ഷേ, കമൽനാഥിനെയാണ് ഹൈകമാൻഡ് മുഖ്യമന്ത്രിയാക്കിയത്. ജ്യോതിരാദിത്യയെ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി നാടകടത്തുകയും ചെയ്തു. സ്വന്തം മണ്ഡലത്തിലെ ആവശ്യങ്ങളിൽ പോലും പരിഗണന കിട്ടിയില്ല. പിന്നാലെ ഒഴിവ് വന്ന രാജ്യസഭ സീറ്റിലും പരിഗണിച്ചില്ല. ഒടുവിൽ ജോതിരാദിത്യ ബി.ജെ.പിയിലേക്ക് കുടിയേറി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മധ്യപ്രദേശിൽ പച്ചതൊട്ടില്ല.
രാജസ്ഥാനിൽ 2018ലെ തെരഞ്ഞെടുപ്പിൽ സമാനസ്ഥിതിവിശേഷമായിരുന്നു. ബി.ജെ.പി തുടർച്ചയായി ഭരിക്കുന്ന സംസ്ഥാനത്ത് യുവനേതാവ് സച്ചിൻ പൈലറ്റിനെ മുൻനിർത്തിയായായിരുന്നു കോൺഗ്രസ് നീക്കങ്ങൾ. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവെങ്കിലും സർക്കാരുണ്ടാക്കി. പക്ഷേ, അതുവരെ ഡൽഹിയിൽ സംഘടന ജനറൽ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന അശോക് ഗെഹ് ലോട്ട് ചാർട്ടേഡ് വിമാനത്തിൽ പറന്നിറങ്ങി എം.എൽ.എമാരുടെ എണ്ണമെടുക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രിയുമായി. അതോടെ ജനവികാരം കോൺഗ്രസിനെതിരാവുകയും പിന്നീട് ഭരണത്തിലേക്ക് മടങ്ങിയെത്താനാകാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.
ഹിമാചലിലും കർണാടകയിലും തെലങ്കനായിലുമെല്ലാം സമാനനീക്കങ്ങളായിരുന്നു. ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതിനാൽ രാഷ്ട്രീയ സാഹചര്യം വ്യക്തമല്ല. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 50ഓളം ലോക്സഭ സീറ്റുകളുണ്ട്. രണ്ടിടത്തെയും അധികാരാരോഹണങ്ങളിൽ ജനവികാരം മാനിച്ചുള്ള തീരുമാനങ്ങളുണ്ടായെങ്കിൽ ഇതിൽ നല്ലൊരു പങ്ക് സമാഹരിക്കാനും ഒരുവേള രാജ്യത്തിന്‍റെ ഭരണസാരഥ്യത്തിലേക്ക് 2024ൽ കോൺഗ്രസിന് എത്താനും സാധിക്കുമായിരുന്നു. ഇത് തിരിച്ചറിഞ്ഞത് കേരളത്തിലെ തീരുമാനത്തിൽ നിർണായകമായി. മൂന്ന് വർഷ ദൂരത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റക്ക് വ്യക്തമായ മേധാവിത്വമുണ്ട്. തീരുമാനത്തിന് മറ്റു ഘടകങ്ങൾ പരിഗണിക്കേണ്ടതില്ല. ഘടകകക്ഷികളുടെ പിന്തുണയിൽ ഭരിക്കേണ്ട കേരളത്തിൽ പക്ഷേ, ഇതല്ല സാഹചര്യം. ഇതും തീരുമാനത്തെ സ്വാധീനിച്ചു.
ആഹ്ലാദ നിറവിൽ ഇന്ദിരാഭവൻ
ആഹ്ലാദത്തിന്‍റെ പടക്കങ്ങൾ പടപടാ പൊട്ടുകയായിരുന്നു ഇന്ദിരാഭവനിൽ. തങ്ങൾ ആഗ്രഹിച്ചയാൾ മുഖ്യമന്ത്രിയായ സന്തോഷവും നിർവൃതിയുമൊക്കെയാണ് ഇവിടെ തടിച്ചുകൂടിയവർ പ്രകടിപ്പിച്ചത്. ആവേശം മുദ്രാവാക്യങ്ങളായി കളംനിറഞ്ഞു. അതേസമയം, അവിടെയുള്ള ചില നേതാക്കളുടെ മുഖം അത്ര തെളിഞ്ഞിരുന്നില്ല. നിയുക്ത എം.എൽ.എമാരായ പഴകുളം മധുവും എ.എം. നസീറും കെ.സി. വേണുഗോപാലിനെ അവഹേളിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്ന് ആരോപിച്ചു. എങ്കിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈകമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്തു.
രാവിലെ ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇന്ദിരാഭവൻ. വി.ഡി. സതീശനാവും മുഖ്യമന്ത്രി എന്ന് പലരും പറഞ്ഞെങ്കിലും ആർക്കും അതത്ര ഉറപ്പുണ്ടായിരുന്നില്ല. പ്രവർത്തകർ ടി.വിക്കു മുന്നിൽ തടിച്ച് കൂടി പ്രഖ്യാപനം വരാൻ കാത്ത് നിന്നു. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. 12.05ന് ഹൈകമാൻഡ് തീരുമാനം അറിഞ്ഞപ്പോൾ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ആഹ്ലാദം തുടങ്ങി. അതോടെ ഇന്ദിരാഭവന് അകത്തും പുറത്തും ജനങ്ങൾ തടിച്ചു കൂടി.
‘‘ഞങ്ങടെ ഓമന നേതാവേ..., നിലപാടുകളുടെ രാജകുമാരാ...., വി.ഡി. സതീശാ നേതാവേ... ധീരതയോടെ നയിച്ചോളൂ...’’ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലക്കുമെല്ലാം അഭിവാദ്യ മുദ്രാവാക്യം മുഴങ്ങി. അതിനിടെ, കൊടിക്കുന്നിൽ സുരേഷ് എം.പി, നിയുക്ത എം.എൽ.എമാരായ പഴകുളം മധു, എ.എം. നസീർ, രമ്യ ഹരിദാസ് എന്നിവർ ഓരോരുത്തരായെത്തി. പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് വാർത്താ സമ്മേളനം നടത്തി ഹൈകമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്തു. അപ്പോഴും പുറത്ത് പടക്കം പൊട്ടിക്കലും ആഘോഷവും തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

