മധുസൂദൻ മിസ്ത്രി ഇന്നെത്തും; കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി കടക്കുന്നു. എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. വിജയസാധ്യതക്ക് മാത്രം മുൻഗണന നൽകി കർക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന.
മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകൾ തലസ്ഥാനത്ത് നടക്കുമെന്നാണ് വിവരം. അതേസമയം, ചൊവ്വാഴ്ച രാവിലെ 10 മുതൽ 24 മണിക്കൂർ ലോക്ഭവന് മുന്നിൽ കോൺഗ്രസിന്റെ രാപകൽ സമരമാണ്. അതിനാൽ, ബുധനാഴ്ചയേ ചർച്ചകൾ ആരംഭിക്കാൻ സാധ്യതയുള്ളൂ.
പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാൻ എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്. ഗ്രൂപ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് ഇക്കുറി അനുവദിക്കില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്.
പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ടുകൾ ഹൈക്കമാന്റിന്റെ പക്കലുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും സ്ഥാനാർഥിപ്പട്ടികക്ക് അന്തിമരൂപം നൽകുക. പാർലമെന്റ് അംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ നേതൃത്വം.
സ്ഥാനാർഥി നിർണയത്തിൽ സ്ക്രീനിങ് കമ്മിറ്റി എത്രത്തോളം നിഷ്പക്ഷത പുലർത്തുമെന്ന കാര്യത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്കിടയിൽ ആശങ്കയുണ്ട്. മുമ്പ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ മധുസൂദൻ മിസ്ത്രി സ്വീകരിച്ച നിലപാടുകൾ ശശി തരൂരിനെ പിന്തുണച്ചവർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. എന്നാൽ, ദേശീയ തലത്തിൽ പാർട്ടി നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, കേരളത്തിൽ മികച്ച വിജയം നേടുകയെന്നത് എ.ഐ.സി.സിക്ക് അഭിമാനപ്രശ്നമാണ്.
വയനാട്ടിൽ നടന്ന ‘ലക്ഷ്യ’ ക്യാമ്പിലെ ആവേശം ഉൾക്കൊണ്ട് കൃത്യമായ സർവേ റിപ്പോർട്ടുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കരുത്തുറ്റ സ്ഥാനാർഥിപ്പട്ടികയുമായി ജനങ്ങളെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരത്തെ ചർച്ചകൾക്ക് ശേഷം പട്ടിക ഡൽഹിയിലെത്തിച്ച് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

