സ്കേറ്റിങ് ബോർഡിൽ കേരളം ചുറ്റാൻ മധു
text_fieldsമധുവിെൻറ യാത്ര ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു ഫ്ലാഗ്ഓഫ് ചെയ്യുന്നു
കാസർകോട്: സ്കേറ്റിങ് ബോർഡിൽ കേരളം ചുറ്റാൻ മധു. വടകര പുറമേരി ഐ.ടി.ഐ വിദ്യാർഥിയായ മധുവാണ്ബുധനാഴ്ച രാവിലെ കാസർകോട്ടുനിന്ന് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കേരളത്തിൽ സ്കേറ്റിങ് അക്കാദമി സ്ഥാപിക്കണമെന്ന് അഭ്യർഥിക്കുകയാണ് മധുവിെൻറ പ്രധാന ലക്ഷ്യം.
ഏഴു വർഷമായി സ്കേറ്റിങ് ബോർഡിൽ പഠനം തുടരുന്ന മധു തെൻറ ആഗ്രഹം സാധിക്കാൻ കോഴിക്കോട് ബീച്ചിൽ കപ്പലണ്ടി വിറ്റാണ് ബോർഡ് വാങ്ങാനും യാത്രക്കുമുള്ള പണം കണ്ടെത്തിയത്. കോഴിക്കോട് കക്കോടിമുക്കിലെ മഹേഷ്-ബേബി ദമ്പതികളുടെ മകനാണ് ഈ 18കാരൻ. ദമ്പതികളും കപ്പലണ്ടി വിറ്റാണ് മകെൻറ ആഗ്രഹത്തിനൊപ്പം നിൽക്കുന്നത്.
കേരളവും രാജ്യവും ചുറ്റണം, സ്കേറ്റിങ് അക്കാദമി തുടങ്ങണം തുടങ്ങിയ വലിയ ആഗ്രഹങ്ങളിൽ ഒന്നിനാണ് മധു ബുധനാഴ്ച തുടക്കമിട്ടത്. മധുവിെൻറ യാത്ര കലക്ടറേറ്റിനു മുന്നിൽ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ മധുസൂദനൻ, മാധ്യമപ്രവർത്തകൻ ഉദിനൂർ സുകുമാരൻ എന്നിവർ സംസാരിച്ചു.